തട്ടിക്കൊണ്ടുപോകല്‍; പലതും കുട്ടികളുടെ 'തകര്‍പ്പന്‍ അഭിനയം'
കോട്ടക്കല്‍: കുട്ടികള്‍തന്നെ 'സംവിധാനം' ചെയ്ത് 'അഭിനയിക്കുന്ന' തട്ടിക്കൊണ്ടുപോകല്‍ നാടകങ്ങളില്‍ വലഞ്ഞു രക്ഷിതാക്കളും പൊലിസും. കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് ഒടുവിലത്തെ ഉദാഹരണം.
ചൊവ്വാഴ്ച പുത്തൂര്‍ ബൈപാസില്‍ യൂനിഫോമണിഞ്ഞു സ്‌കൂള്‍ ബാഗുമായി നില്‍ക്കുന്ന വിദ്യാര്‍ഥിയില്‍നിന്നാണ് പുതിയ 'നാടകം' രൂപപ്പെടുന്നത്. അസമയത്തു റോഡില്‍ കുട്ടിയെ കണ്ട വിവരം നാട്ടുകാര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, രാമനാട്ടുകര സ്വദേശിയായ തന്നെ ഓംനി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോന്നതാണെന്നും മയക്കി തലമൊട്ടയടിച്ചെന്നും പിന്നീട് റോഡില്‍ തള്ളിയിട്ടതാണെന്നുമാണ് ഒന്‍പതാംക്ലാസുകാരനായ കുട്ടി പറഞ്ഞത്.
എന്നാല്‍, മൊഴിയില്‍ വൈരുധ്യമുണ്ടെന്ന നിലപാടിലായിരുന്നു പൊലിസ്. വീട് ഫറോക്ക് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അവിടെ നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, രാത്രിയോടെ യഥാര്‍ഥ വിവരം ലഭിച്ചു. കോട്ടക്കല്‍ കൊളത്തുപറമ്പിലെ ബന്ധുവിന്റെ വീട്ടിലേക്കെത്താനുള്ള നാടകമായിരുന്നു കുട്ടിയുടേതെന്നാണ് വിവരം. ഇതിനായി രാവിലെ തല മൊട്ടയടിച്ചു കോട്ടക്കലിലേക്കു ബസ് കയറി. വൈദ്യപരിശോധനയ്ക്കു ശേഷമാണ് കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്.
ഇതിനിടെ, നവമാധ്യമങ്ങളിലടക്കം വാര്‍ത്ത പ്രചരിച്ചതോടെ സ്റ്റേഷനില്‍ ആളുകള്‍ തടിച്ചുകൂടി. കുട്ടിയുടെ ഫോട്ടോയടക്കമുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. സമാനമായ സംഭവങ്ങള്‍ നേരത്തെ കല്‍പകഞ്ചേരി എടക്കുളം, കന്മനം, തുവ്വക്കാട്, കുറ്റിപ്പാല, താനാളൂര്‍ എന്നിവിടങ്ങളില്‍ നടന്നെങ്കിലും തട്ടിക്കൊണ്ടുപോയതെന്നു സ്ഥീരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
സത്യാവസ്ഥ അറിയാതെ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നതാണ് രക്ഷിതാക്കളെയും പൊലിസിനെയും കുഴക്കുന്നത്. ജില്ലാ പൊലിസ് മേധാവിയുടെ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും കാര്യമായ നടപടികളെടുക്കാത്തതിനാല്‍ ഇവ നിയന്ത്രിക്കാനുമാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."