മുതിരേരി വാള്‍ ഇക്കരെ കൊട്ടിയൂരിലെത്തി
കേളകം: കൊട്ടിയൂര്‍ ഉത്സവരംഭത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മുതിരേരി വാള്‍ ഇക്കരെ ക്ഷേത്ര സന്നിധിയില്‍ എത്തി. വയനാട് മുതിരേരികാവ് ക്ഷേത്രത്തില്‍ നിന്ന് സ്ഥാനിക ബ്രാഹ്മണന്‍ മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരി മുതിരേരിയാണ് വാളുമായി ഇന്നലെ വൈകീട്ടോടെ ഇക്കരെ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചെത്തിച്ചത്. വാള്‍ വരവ് ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ഇക്കരെ ക്ഷേത്രസന്നിധിയില്‍ കാത്തു നിന്നത്. വാള്‍ ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയുടന്‍ നെയ്യമൃത് വ്രതക്കാര്‍ അക്കരെ പ്രവേശിച്ചു തുടങ്ങി. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരി,തേടന്‍ വാരിയര്‍,നമ്പീശന്‍ എന്നീ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ വിളക്കുവെച്ചു. ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് അര്‍ധരാത്രിയോടെ അക്കരെ സന്നിധാനത്തെത്തും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വര്‍ണ്ണം,വെള്ളിപ്പാത്രങ്ങളും,ഭണ്ഡാരങ്ങളും ഇന്ന് സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഇന്ന് രാവിലെ പത്തോടെ അമ്മാറക്കല്‍ കുട എഴുന്നള്ളിച്ച് കൊട്ടിയൂരിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."