ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു: വന്‍ ദുരന്തം ഒഴിവായി
മാറഞ്ചേരി: ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നെങ്കിലും വന്‍ അപകടം വഴിമാറി. പാലപ്പെട്ടി സ്വാമിപ്പടിക്ക് സമീപം താമസിക്കുന്ന കറുത്തേടത് ഷെല്‍ജി എന്ന ആളുടെ വീട്ടിലാണ് ഇന്ന് രാവിലെ പൊന്നാനിയിലെ ഗ്യാസ് അജന്‍സിയില്‍ നിന്നും വിതരണം ചെയ്ത സിലിണ്ടര്‍ ചോര്‍ന്നത്.
രാവിലെ പത്തുമണിയോടെ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍ വെക്കുകയായിരുന്നു. എന്നാല്‍ അടുക്കളയില്‍നിന്നും ഗ്യാസിന്റെ മണം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സിലിണ്ടര്‍ പരിശോധിച്ചപ്പോള്‍ സോപ്പ് വെച്ചടച്ച രീതിയില്‍ സിലിണ്ടര്‍ കാണപ്പെട്ടു. സോപ്പ് എടുത്തുമാറ്റിയപ്പോള് അതിരൂക്ഷമായ രീതിയില്‍ ഗ്യാസ് ചോരുകയായിരുന്നു. പൊന്നാനിയില്‍ നിന്നും സ്റ്റേഷന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്സ് സംഘം സിലിണ്ടറിലെ ഗ്യാസ് മുഴുവനായി ഒഴിച്ചുകളയുകയായിരുന്നു.
ഗ്യാസ് ചോര്‍ന്നത് അപ്പോള്‍ തന്നെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചേളാരി ബോട്ടിലിങ് പ്ലാന്റില്‍ നിറച്ച കുറ്റിയാണ് എന്നാണ് പൊന്നാനി സി എ ഗ്യാസ് ഏജന്‍സി അധികൃതര്‍ അറിയിച്ചത്.
ഏജന്‍സിയില്‍ നിന്നും വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ കൊണ്ടുവരുന്ന ആളുകളെ കൊണ്ടുതന്നെ സിലിണ്ടറിന്റെ സീല്‍ പൊട്ടിച്ചു ലീക്കില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."