'സ്‌നേഹസ്പര്‍ശം' പദ്ധതി: കടലുണ്ടി പഞ്ചായത്തില്‍നിന്ന് സമാഹരിച്ചത് ഏഴര ലക്ഷം
ഫറോക്ക്: വൃക്കരോഗികള്‍ക്കു സാന്ത്വനമേകാന്‍ കടലുണ്ടിയില്‍നിന്നു സമാഹരിച്ചത് ഏഴര ലക്ഷം രൂപ. വൃക്കരോഗികളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'സ്‌നേഹസ്പര്‍ശം' പദ്ധതിയിലേക്കാണു വിഭവ സമാഹരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍നിന്നു ജനപങ്കാളിത്തത്തോടെ തുക ശേഖരിച്ചത്.
22 വാര്‍ഡുകളില്‍നിന്ന് വാര്‍ഡ് മെമ്പര്‍മാര്‍, സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന ധനസമാഹരണം. ഇതു സംബന്ധിച്ചു പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച 13, 14 വാര്‍ഡുകള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. പഞ്ചായത്ത് ചീഫ് കോഡിനേറ്റര്‍ ഉദയന്‍ കാര്‍ക്കോളിയെ ചടങ്ങില്‍ അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഭാനുമതി കക്കാട്ടില്‍, വൈസ് പ്രസിഡന്റ് എം. നിഷ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പിലാക്കാട്ട് ഷണ്‍മുഖന്‍, സിന്ധുപ്രദീപ്, സി.കെ അജയകുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ എന്‍.കെ ഇമ്പിച്ചിക്കോയ, സി.എം സതീദേവി, സെക്രട്ടറി എം. മുരളീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."