ഹരിതകേരളം മിഷന്‍ പദ്ധതി; വിജയത്തിന് ജനപങ്കാളിത്തം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കല്‍പ്പറ്റ: സംസ്ഥാനവും ജില്ലയും അതിവിദൂരമല്ലാത്ത ഭാവിയില്‍ നേരിടാനിരിക്കുന്ന വന്‍കെടുതി ഓര്‍ത്ത് കക്ഷി രാഷ്ട്രീയ ഭേദ്യമന്യേ ഹരിതകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭ്യര്‍ഥിച്ചു.
കലക്ടറേറ്റിലെ എ.പി.ജെ. ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാധ്യക്ഷന്‍മാര്‍, ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹരിതകേരളം പദ്ധതിയെക്കുറിച്ച് അറിയാത്ത ഒരു വ്യക്തിപോലും ജില്ലയില്‍ ഉണ്ടാകാത്തവിധം വീടുകള്‍തോറും കയറിയിറങ്ങി പദ്ധതി വിശദീകരിക്കണം. ഡിസംബര്‍ എട്ടിന് നടക്കുന്ന പരിപാടിക്ക് സര്‍ക്കാരിന്റെ ഒരു രൂപ പോലും ചെലവഴിക്കുന്നില്ല.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സും പ്ലാസ്റ്റിക്കും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി പറഞ്ഞു. പദ്ധതി നടത്തിപ്പിനായി കമ്മിറ്റി യോഗം ചേരാത്ത പഞ്ചായത്തുകള്‍ ഡിസംബര്‍ 5ന് തന്നെ യോഗം വിളിച്ചു ചേര്‍ക്കണം. സന്നദ്ധ സംഘടനകളുടെ യോഗവും പ്രത്യേകമായി വിളിച്ചു ചേര്‍ത്ത് ഹരിതകേരളം പദ്ധതിക്ക് അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
ഡിസംബര്‍ എട്ടിന് നടക്കുന്ന എല്ലാ പ്രവൃത്തികളുടെയും ഫോട്ടോ, പങ്കെടുക്കുന്ന പ്രധാന വ്യക്തികളുടെ പേരു വിവരങ്ങള്‍, പദ്ധതി റിപ്പോര്‍ട്ട് എന്നിവ ഡിസംബര്‍ 9ന് തന്നെ ബന്ധപ്പെട്ട ചാര്‍ജ്ജ് ഓഫിസര്‍മാര്‍ക്ക് നല്‍കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികള്‍ ഭക്ഷണ പാത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ ടൂറിസ്റ്റ് ബസ്സ് ഉടമകളെ ബോധവല്‍ക്കരിക്കുമെന്ന് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുകയോ പാത്രങ്ങള്‍ തിരിച്ചുകൊണ്ടുപോകുകയോ ചെയ്യണം.പഞ്ചായത്തുകളില്‍ ജനുവരി 1 മുതല്‍ പച്ചക്കറി കൃഷി ആരംഭിക്കേണ്ടതിനാല്‍ ഡിസംബറില്‍ തന്നെ പച്ചക്കറി ഉല്‍പാദന കലണ്ടര്‍ തയ്യാറാക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍. സോമസുന്ദരലാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."