ഇനി അഞ്ചു വര്‍ഷം ജനപ്രതിനിധികള്‍ക്ക് മുന്നില്‍
കോട്ടയം: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെയും തോല്‍വിയുടെ കണക്കെടുപ്പിന്റെയും തലപുകക്കലുകള്‍ക്കും ഇനി വിരാമം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നാടിന് വേണ്ടി ചെയ്യാനുള്ള കാര്യങ്ങളാണ് ജനപ്രതിനിധികള്‍ക്ക് മുന്നില്‍ . കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാരുള്ള വി.ഐ.പി ജില്ലയായിരുന്നു കോട്ടയം.അതിന്റെ ഗുണം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ വികസനത്തില്‍ പ്രതിഫലിച്ചു. അപ്പോഴും കുടിവെള്ളമുള്‍പ്പെടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം അകലെയായി. അധികാരത്തിലേറുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ പിന്തുണക്കാന്‍ ജില്ലയില്‍ നിന്ന് രണ്ടു പേരേ ഉളളൂ. ഇപ്പോള്‍ ജില്ലയിലെ ഒമ്പതില്‍ ഏഴു മണ്ഡലങ്ങളിലും പ്രതിപക്ഷത്തിരിക്കുന്നവരാണുള്ളത്. എല്‍.ഡി.എഫിന്റെ രണ്ടു എം.എല്‍.എമാരില്‍ സുരേഷ് കുറുപ്പ് സ്പീക്കറോ മന്ത്രിയോ ആയേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ കോട്ടയത്തിന്റെ വി.ഐ.പി സാന്നിധ്യം കുറുപ്പിലൊതുങ്ങും. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും വികസനം കൊണ്ടു വരുന്നതില്‍ കരുത്തോടെ മുന്നിട്ടിറങ്ങുന്ന നേതാക്കളാണ് കോട്ടയം ജില്ലക്കുള്ളത്. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിയും മോന്‍സ് ജോസഫും ഇവരില്‍ മുമ്പന്മാരാണ് .
വൈക്കത്ത് കാല്‍ലക്ഷത്തില്‍പരം വോട്ടിന് വിജയിച്ച സി.കെ ആശ മാത്രമാണ് ജില്ലയില്‍ നിന്നുള്ള നിയമസഭയിലെ പുതുമുഖം.ജില്ലയില്‍ നിന്നുള്ള ഏക സ്ത്രീ പ്രതിനിധിയുമാണ് ആശ. ഏതായാലും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പാക്കിയതു പോലുള്ള വികസനം കോട്ടയത്തേക്ക് എത്തിക്കുക എളുപ്പമാവില്ല. എന്നാലും ഇഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കള്‍ ജനപ്രതിനിധികളായാല്‍ അവര്‍ക്ക് മുന്നില്‍ തടസങ്ങളുണ്ടാവില്ല. കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക, നടന്നു വരുന്ന എം.സി റോഡിന്റെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അവര്‍ക്ക് മുന്നിലുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ നടപ്പാക്കിയതും തുടക്കമിട്ടതുമായ പദ്ധതികള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ട്ടനിടുമോയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടാവും . അത് തിരുത്തി വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെയുള്ള സമീപനമുണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജയിച്ച് ജനപ്രതിനിധികളായവര്‍ക്ക് മുന്നില്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ നടപ്പാക്കാനുള്ള വികസന പരിപാടികള്‍ മുന്‍ഗണനാ ക്രമത്തില്‍ അവതരിപ്പിക്കുന്നു.
ചങ്ങനാശേരി
വര്‍ഷങ്ങളായി എം.എല്‍.എയായി നില്‍ക്കുന്ന സി.എഫ് തോമസിന് മുന്നില്‍ പൊതുജനം അവതരിപ്പിക്കുന്ന പ്രധാന വിഷയം കുടിവെള്ള പ്രശ്‌നം തന്നെയാണ്. ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി പഞ്ചായത്ത്, പായിപ്പാട് എന്നിവടങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. കുരട്ടിമലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സ്വന്തമായി കെട്ടിടമെന്നത് എം.എല്‍.എയുടെ മുന്‍ പ്രഖ്യാപനങ്ങളായിരുന്നു. ഭരണപക്ഷത്തിരിന്നിട്ടും നേടിയെടുക്കാന്‍ സാധിക്കാത്ത ഈ പദ്ധതി ഇനി പ്രതിപക്ഷത്തിരുന്നുകൊണ്ട് എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം യാഥാര്‍ഥ്യമാക്കുകയെന്നത് വളരെ പ്രാധാന്യത്തോടെടുക്കേണ്ടതു തന്നെ. അനേകം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ടും പരിഹരിക്കേണ്ടത് അനിവാര്യം. കൂടാതെ കുറിച്ചി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കേരള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെ വികസനവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
നിലവില്‍ കാടുകയറിയ നിലയിലാണ് ആശുപത്രിയുടെ സ്ഥലങ്ങള്‍, കെട്ടിടങ്ങളും പതിറ്റാണ്ടുകളുടെ പഴക്കമുള്ളവ. ഇവ പുതുക്കി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഹോമിയോ ആശുപത്രിയെ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കുകയെന്നതും അടിയന്തരമായി ചെയ്യേണ്ട വികസന പദ്ധതിയാണ്. മണ്ഡലത്തില്‍ ഉണ്ടായിരുന്ന ഏക സര്‍ക്കാര്‍ വൃദ്ധസദനവും നഷ്ടമായത് അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരിലായിരുന്നു. ഇത്തരത്തില്‍ നിരവധി ആരോപണം ഇതിനോടകം തന്നെ എം.എല്‍.എയെന്ന നിലയില്‍ സി.എഫ് തോമസിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മണ്ഡലത്തിലുണ്ടായിരുന്ന നവോദയ വിദ്യാലയത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഇവയും മെച്ചപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമായി തീര്‍ന്നു.
കൂടാതെ അഞ്ചുവിളക്കിന്റെ നാടിന്റെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതിയും പ്രാബല്യത്തില്‍ വരുത്താനുള്ള അവസരമാണിത്. ഇത്തരത്തില്‍ ടൂറിസം, കുടിവെള്ള പ്രശ്‌നം, ആരോഗ്യ മേഖല, ഗതാഗതം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയായിരിക്കണം അടുത്ത അഞ്ചുവര്‍ഷത്തെ ചങ്ങനാശേരിയിലെ ഭരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.
കോട്ടയം
കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാത്തിരിക്കുന്നത് നിരവധി പദ്ധതികളാണ്. കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന ആകാശ നടപ്പാത, ചിങ്ങവനം സ്‌പോര്‍ട്ട് കോളജ്,നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കല്‍, ചിങ്ങവനം കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍, ചിങ്ങവനത്തിന്റെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ പ്രഖ്യാപിച്ച ബൈപ്പാസ്, കോട്ടയം നഗരത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഓവര്‍ ബ്രിഡ്ജ് പ്രാബല്യത്തില്‍ വരുത്തുക. പ്രധാനമായും നടപ്പാക്കേണ്ടത് കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിയാണ്. മണ്ഡലത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഇപ്പോള്‍ കുടിവെള്ളമില്ലായ്മ തന്നെ. നാളിതുവരെ കോട്ടയം കണ്ടിട്ടില്ലാത്ത വികസനം കഴ്ച്ച വെച്ച എം.എല്‍.എയ്ക്ക് ഇനിയും തീര്‍ക്കാന്‍ പദ്ധതികളേറെ. ആകാശ നടപ്പാത പൂര്‍ത്തീകരിക്കുന്നതോടെ കോട്ടയത്തിന്റെ മുഖം മാറും ഒപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസക്തിയും.
ഏറ്റുമാനൂര്‍
ഏറ്റുമാനൂരിനെ സംബന്ധിച്ച് പ്രധാനമായും ടൗണിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുക തന്നെയാണ്. ഇതിനായി നഗരത്തില്‍ റിംഗ് റോഡുകള്‍ നിര്‍മ്മിക്കുവാനുള്ള നടപടി സ്വീകരിക്കുക.ഏറ്റുമാനൂര്‍ നിവാസികളുടെ കാലാകാലങ്ങളായുള്ള ആവശ്യമായ ഏറ്റുമാനൂര്‍ താലൂക്ക് സ്ഥാപിക്കുക. മണര്‍കാട് -ഏറ്റുമാനൂര്‍ ബൈപ്പാസ് പൂര്‍ത്തീകരിക്കുകയെന്നതും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ സുരേഷ് കുറുപ്പിനെ കാത്തിരിക്കുന്ന പദ്ധതിയാണ്. മിനിസിവില്‍സ്റ്റേഷന്‍, പട്ടര്‍മഠം ജലവിതരണ പദ്ധതിയുടെ പ്രയോജനം ഏറ്റുമാനൂരിലേക്കും എത്തിക്കുക തുടങ്ങിയവയാണ് ഏറ്റുമാനൂരില്‍ പ്രധാനമായും നടപ്പാക്കേണ്ട വികസന പദ്ധതികള്‍.
ബാക്കി പുറകെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."