നോട്ട് അസാധുവാക്കല്‍: ബ്രിട്ടനിലെ ഇന്ത്യക്കാരും ആശങ്കയില്‍
ലണ്ടന്‍: നോട്ട് അസാധുവാക്കിയത് ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കിടയിലും പരിഭ്രാന്തി പരത്തുന്നു.
അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30ഓടെ പാഴ്ക്കടലാസായി മാറുമെന്നതാണ് ബ്രിട്ടനിലെ ഇന്ത്യക്കാരെ അലട്ടുന്നത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യഥാര്‍ഥത്തില്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ കൈയിലുള്ള നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള തീയതി നീട്ടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 2011ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 2.5 ശതമാനം പേര്‍ ഇന്ത്യക്കാരാണ്. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് ഫോണുകളാണ് വിവിധ സംഘടനകള്‍ക്ക് ലഭിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ നാഷനല്‍ കോണ്‍ഗ്രസ് ഓഫ് ഗുജറാത്തി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സി.ജെ രഭേരു പറഞ്ഞു.
കള്ളപ്പണത്തിനെതിരായി പ്രധാനമന്ത്രിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നോട്ട് പിന്‍വലിക്കല്‍ ബ്രിട്ടനിലെ ഏതാണ്ട് പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് ദോഷമാകുമെന്നാണ് ഇവര്‍ പറയുന്നത്. അസാധുവാക്കിയ നോട്ടുകള്‍ ഇന്ത്യയില്‍ നിന്നുമാത്രമേ മാറ്റാനാകൂ എന്നതാണ് ജനങ്ങളെ വലക്കുന്നത്.
അതിനിടയില്‍ നോട്ട് മാറ്റാനുള്ള സമയപരിധി അടുത്ത വര്‍ഷം പകുതിയെങ്കിലുമാക്കണമെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടനിലെ പാര്‍ലമെന്റംഗം കീത്ത് വാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റിനല്‍കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കാര്‍നിയ്ക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."