പ്രാദേശിക ബദല്‍ ഉത്പാദന ഉപഭോക സംസ്‌കാരം വളര്‍ത്തണമെന്ന്
മുണ്ടൂര്‍: ആഗോളവത്കരണത്തിനും ബഹുരാഷ്ട്ര കുത്തകളുടെ ചൂഷണത്തിനുമെതിരേ തദ്ദേശീയ സമ്പദ് ഘടനയെ ശക്തിപ്പെടുത്താന്‍ സാധ്യമായ പ്രാദേശിക ബദല്‍ ഉല്പാദന, ഉപഭോഗസംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരളത്തിലടക്കം ബഹുരാഷ്ട്ര കുത്തകളുടെ ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലയാണ് സോപ്പടക്കമുള്ള ശുചിത്വ-സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍. ഇവയില്‍ പലതും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രാദേശികമായി ഉല്പാദിപ്പിക്കാന്‍ കഴിയുന്നതാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപനമായ പരിഷത്ത് പ്രൊഡക്ഷന്‍ സെന്ററിന്റെ സമത വെബ്‌സൈറ്റും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലുത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ കൊണ്ടാണ് ഏറ്റവും നല്ല സോപ്പ് ഉത്പാദിപ്പിക്കാവുന്നത്. അതിന് സഹായകരമായ കിറ്റുകള്‍ സമത ലഭ്യമാക്കുന്നുണ്ട്. അത് സ്വന്തം നിലയിലുപയോഗിക്കുന്നതോടൊപ്പം സോപ്പടക്കം നിരവധി ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ വളര്‍ന്നു വരണം. അതിനുള്ള മാതൃകയും നേതൃത്വവും സമതയും പരിഷത്തും ഏറ്റെടുക്കണമെന്നും ഐസക് പറഞ്ഞു. പാലക്കാട് മുണ്ടൂരില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സമത പുതുതായി വിപണിയിലിറക്കുന്ന പ്രീമിയം സോപ്പുകളുടെ വിതരണോദ്ഘാടനം പ്രൊഫ.പി.കെ.രവീന്ദ്രന് നല്‍കി മന്ത്രി നിര്‍വഹിച്ചു. പി.പി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വി.ജി.ഗോപിനാഥന്‍ സ്വാഗതവും, ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എന്‍.കെ. ശശിധരന്‍ പിള്ള നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."