പീമെട്രിക്ക് ഹോസ്റ്റല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തു
പെരുമാട്ടി : പഞ്ചായത്തിലെ മീനാക്ഷിപുരത്ത് പട്ടികവര്‍ഗ വിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്കായുളള പ്രീമെട്രിക്ക് ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനം മീനാക്ഷിപുരം ഗവ. ഹൈസ്‌ക്കൂള്‍ അങ്കണത്തില്‍ നിയമ-സാംസ്‌ക്കാരിക-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ആദിവാസി മേഖലയിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള തൊഴില്‍ദിനങ്ങള്‍ 200 ദിവസമാക്കി ഉയര്‍ത്തുമെന്നും മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദിവാസവിഭാഗത്തിലെ വിദ്യാസമ്പന്നരായവരെ അധ്യാപകവൃത്തിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷനായി.
മീനാക്ഷിപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം റവന്യൂ, വിദ്യാഭ്യസം ,തദ്ദേശസ്വയംഭരണം വകുപ്പുകള്‍ സൗജന്യമായി നല്‍കിയ 50 സെന്റ് സ്ഥലത്ത് പട്ടികവര്‍ഗ വിഭാഗക്കാരായ 100 പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യമുളള ഏകദേശം 1500 സ്‌ക്വയര്‍് മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുളള ഹോസ്റ്റല്‍ കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. മൂന്ന് നിലവരുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 7.32കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 18 മാസത്തിനുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹോസ്റ്റല്‍കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചിറ്റൂര്‍ മേഖലയിലെ പെരുമാട്ടി, പട്ടഞ്ചേരി, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ എന്നീ പഞ്ചായത്തുകളിലേയും പറമ്പിക്കുളം, നെല്ലിയാമ്പതി പ്രദേശത്തേയും പട്ടികവര്‍ഗ വിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന സൗകര്യം ലഭിക്കും. സൗജന്യതാമസം, ഭക്ഷണം,പഠനം, യൂനിഫോം, മറ്റ് പല ആനുകൂല്യങ്ങളും വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കും.
അഡ്വ.കെ ശാന്തകുമാരി ,കലക്ടര്‍ പി.മേരിക്കുട്ടി, മാരിമുത്തു, മാധുരി പത്മനാഭന്‍, വി. മുരുകദാസ്, വി. ശശീന്ദ്രന്‍, കെ.സുരേഷ്, ആര്‍. പങ്കജാക്ഷന്‍, സുബ്രഹ്മണ്യ വാര്യര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."