റാങ്ക് പട്ടിക റദ്ദാകുന്നു; ആശങ്കയോടെ സ്റ്റാഫ് നഴ്‌സ് ഉദ്യോഗാര്‍ഥികള്‍
മലപ്പുറം: ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ക്ഷാമം നിലനില്‍ക്കേ പ്രസ്തുത തസ്തികയില്‍ നിയമനത്തിനായി പി.എസ്.സി തയാറാക്കിയ റാങ്ക് പട്ടികകളുടെ കാലാവധി തീരുന്നു. ഈ ഡിസംബറോടെയാണ് ജില്ലയിലുള്‍പ്പെടെ നിയമനത്തിനായി പി.എസ്.സി തയാറാക്കിയ പട്ടികളുടെ കാലാവധി തീരുന്നത്.
കാബിനറ്റ് ശുപാര്‍ശ ലഭിക്കാത്തതിനാല്‍ റാങ്ക് പാട്ടികയുടെ കാലാവധി നീട്ടിനല്‍കാനാകില്ലെന്നാണ് പി.എസ്.സി വിശദീകരണം. തസ്തികയുണ്ടായിട്ടും നിലവിലെ റാങ്കുലിസ്റ്റില്‍പെട്ട പത്തു ശതമാനം ഉദ്യോഗാര്‍ഥികള്‍ക്കുപോലും നിയമനം നല്‍കാതെയാണ് നിലവിലെ റാങ്ക് പട്ടികയുടെ കാലവധി തീരുന്നത്. കഴിഞ്ഞ പട്ടികയില്‍ ജില്ലയില്‍നിന്ന് ഇടംപിടിച്ച മിക്ക ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം ലഭിച്ചിരുന്നു. 2010 ജൂലൈ 30നാണ് പി.എസ്.സി 14 ജില്ലകളിലും ആരോഗ്യവകുപ്പിലേക്കുള്ള സ്റ്റാഫ് നഴ്‌സ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്.
സംസ്ഥാനത്താകെ അന്‍പതിനായിരത്തോളം പേരാണ് ഇതിലേക്ക് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി ജംബോ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. നാലു വര്‍ഷത്തിനു ശേഷം 2013 അവസാനത്തോടെയായിരുന്നു ഇതു പ്രസിദ്ധീകരിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് ഈ ലിസ്റ്റില്‍നിന്നു നിയമനം നടത്താനാകില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതോടെയാണ് പുതിയ ലിസ്റ്റില്‍നിന്നു വേണ്ടത്ര നിയമനങ്ങള്‍ നടക്കാതെപോയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിയമനം നടത്താനായി പി.എസ്.സി പ്രത്യേക വിജ്ഞാപനം ക്ഷണിച്ചു റാങ്ക് പട്ടിക തയാറാക്കുകയായിരുന്നു. ഇതുകൂടാതെ ആരോഗ്യവകുപ്പിലെ റേഷ്യോ പ്രൊമോഷന്‍ സംബന്ധിച്ചു സര്‍ക്കാരും ആരോഗ്യവകുപ്പ് ഡയറക്ടറും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്നു പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന നിരവധി ഒഴിവുകളില്‍ അന്തര്‍ജില്ലാ സ്ഥലം മാറ്റങ്ങളും നടന്നു.
ഇത്തരത്തില്‍ നിരവധി ഒഴിവുകളിലുള്ള നിയമനമാണ് ജില്ലയിലെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കു നഷ്ടമായത്. അതേസമയം, ആരോഗ്യവകുപ്പില്‍ പുതിയ സ്റ്റാഫ് നഴ്‌സ് പട്ടിക തയാറാക്കാന്‍ പി.എസ്.സി ഇതുവരെ വിജ്ഞാപനംപോലും പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിലുള്ള പട്ടികകള്‍ നാലു വര്‍ഷമെടുത്താണ് തയാറാക്കിയതെന്നിരിക്കേ ഇനി വിജ്ഞാപനം പ്രസിദ്ധീകരിച്ച് എത്ര വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും ഏറ്റവും ചുരുങ്ങിയതു രണ്ടു വര്‍ഷം കഴിയാതെ പുതിയ റാങ്ക് പട്ടിക തയാറാകില്ലെന്നുറപ്പാണ്.
ഇങ്ങനെയെങ്കില്‍ നിലവിലുള്ള പട്ടികയുടെ കാലവധി തീരുകയും രണ്ടു വര്‍ഷം നിയമനം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. നിലവില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായ ആരോഗ്യവകുപ്പില്‍ ഇതു ഗുരുതരമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലരവര്‍ഷം കാലാവധി ലഭിക്കാതെ ഒരു റാങ്ക് പട്ടികയും റദ്ദായിട്ടില്ല. അതേസമയം, വേണ്ടത്ര നിയമനങ്ങള്‍ നടക്കാഞ്ഞിട്ടും പുതിയ വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലും സ്റ്റാഫ് നഴ്‌സ് റാങ്കുപട്ടികകള്‍ക്ക് മാത്രം ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നത് അന്യായമാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."