നഗരം കൂരിരുട്ടില്‍; പോരാത്തതിന് തെരുവുനായ വിളയാട്ടവും
കാഞ്ഞങ്ങാട്: തെരുവുവിളക്കുകള്‍ അണഞ്ഞിട്ടു മാസങ്ങള്‍ പിന്നിട്ടെങ്കിലും വിളക്കുകള്‍ കത്തിക്കാനുള്ള നടപടികള്‍ നഗരസഭാ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഇതു കാരണമായി സന്ധ്യ മയങ്ങിയാല്‍ നഗരം കൂരിരുട്ടിലാവുകയാണ്. സന്ധ്യയോടെ ട്രെയിനുകളിലും മറ്റുമായി കാഞ്ഞങ്ങാട്ടെത്തുന്ന നൂറുകണക്കിനു യാത്രക്കാര്‍ കൂരിരുട്ടിലാണു വീടണയാനായി വാഹനങ്ങള്‍ക്കു കാത്തുനില്‍ക്കുന്നത്.
പ്രധാന പാതയിലെ ഡിവൈഡറില്‍ സ്ഥാപിച്ച വിളക്കുകാലുകള്‍ നോക്കുകുത്തിയായി മാറിയിട്ടു മാസങ്ങളായി. ഇതോടെ സന്ധ്യക്കു ശേഷം നഗരത്തിലെത്തുന്ന യാത്രക്കാര്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്. ഇതിനു പുറമേ നഗരത്തിലെ തിരക്കേറിയ പ്രധാന പാതയിലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നത് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. എന്നാല്‍, തെരുവുനാക്കള് തിരക്കേറിയ പകല്‍ സമയത്തും രാത്രികാലത്തും നഗരത്തിലെ പ്രധാനപാതയിലും വിളയാടുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്കു പത്തോളം നായ്ക്കളാണ് ഓടിയെത്തിയത്. ജീവഭയം കൊണ്ടു യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടിരക്ഷപ്പെടുകയായിരുന്നു. ആളുകളെയും വാഹനങ്ങളെയും കൂസാതെയുള്ള നായ്ക്കളുടെ വിളയാട്ടം നഗരത്തില്‍ രൂക്ഷമായിട്ടും ഇതിനെതിരേ നടപടി കൈക്കൊള്ളാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ല.
കൂരിരുട്ടില്‍ ബസ് കാത്തുനില്ക്കുന്നവര്ക്കിടയിലേക്ക് റെയില്‍വേ സ്റ്റേഷന് പരിസരത്തെ മൈതാനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്നാണു നായ്ക്കള്‍ കൂട്ടമായി പാഞ്ഞെത്തുന്നത്. നഗരത്തില്‍ വിളയാടുന്ന നായ്ക്കളെ നിയന്ത്രിക്കാനോ തെരുവുവിളക്കുകള്‍ നന്നാക്കാനോ അധികൃതര്‍ തയാറാകാത്തതു യാത്രക്കാര്‍ക്കു കനത്ത ഭീഷണിയാണു നഗരത്തിലുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."