നീര്‍ത്തടാധിഷ്ഠിത വികസനത്തിലൂടെ ജലസമ്പത്തും പച്ചപ്പും വീണ്ടെടുക്കണം: മന്ത്രി സി രവീന്ദ്രനാഥ്
കൊച്ചി: നീര്‍ത്തടാധിഷ്ഠിത വികസന മാതൃകയിലൂടെ എറണാകുളം ജില്ലയുടെ ജലസമ്പത്തും പച്ചപ്പും വീണ്ടെടുക്കുന്നതിന് ഹരിതകേരളം പദ്ധതിയില്‍ മുന്‍തൂക്കം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കായലുകളും പുഴകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന ജില്ലയുടെ സ്വഭാവം കണക്കിലെടുത്ത് സുസ്ഥിരവും തുടര്‍ച്ചയുള്ളതുമായ വികസന പദ്ധതികള്‍ക്ക് ഹരിതകേരളത്തില്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എട്ടിന് തുടക്കം കുറിക്കുന്ന ഹരിതകേരളം പദ്ധതിയില്‍ ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭകളിലും നടത്തിയ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാക്ഷരതാ യജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഹരിതകേരളം വിഭാവനം ചെയ്തിരിക്കുന്നത്. നാടിന്റെ പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്നതിനുള്ള ജനകീയ ഇടപെടലാണ് ഹരിതകേരളം. ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളിലും നഗരസഭ ഡിവിഷനുകളിലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനമെങ്കിലും എട്ടിന് നടന്നുവെന്ന് ഉറപ്പുവരുത്തണം. ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് ജനങ്ങളുടെ മനസിനെ ഒരുക്കുന്നതിനുള്ള തുടക്കമാണിതെന്നും മന്ത്രി പറഞ്ഞു.
ജലാശയങ്ങളുടെ സംരക്ഷണത്തിനൊപ്പം ഇവിടേക്ക് ജലമെത്തിക്കുന്ന നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കണം. മണ്ണില്‍ വേരുപടലങ്ങള്‍ വ്യാപിപ്പിച്ച് ജലം സംഭരിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഹരിതകേരളത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചക്കറിക്കൃഷി, വൃക്ഷവല്‍ക്കരണം എന്നിവയിലൂടെ നിറവേറ്റപ്പെടുക. പ്രാദേശികമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിവിധ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കേവലം പ്രചാരണമെന്നതിലുപരിയായി സമഗ്രമായും ദിശാബോധത്തോടെയുമാണ് ഹരിതകേരളത്തിനായുള്ള പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ അവിഭാജ്യഘടകമാണ്. ഇക്കാര്യത്തില്‍ എറണാകുളം സംസ്ഥാനത്തിന് മാതൃകയാകണം. തലമുറകള്‍ക്കായി കേരളം ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ് ഹരിതകേരളമെന്ന അവബോധം വ്യാപിപ്പിക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ കെ മുഹമ്മദ്.വൈ.സഫിറുല്ല അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ടി തോമസ്, വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, മേയര്‍ സൗമിനി ജയിന്‍, തൃക്കാക്കര നഗരസഭ ചെയര്‍പഴ്‌സണ്‍ കെ.കെ നീനു, എ.ഡി.എം സി.കെ പ്രകാശ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിംപിള്‍ മാഗി തുടങ്ങിയവരും പ്രസംഗിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."