നഗരനിരത്തുകളില്‍ അലറിവിളിച്ച് തെരുവുനായ്ക്കള്‍
വന്ധ്യംകരണം പദ്ധതി കടലാസില്‍
ഒലവക്കോട്: ജില്ലയില്‍ തെരുവുനായ്ക്കള്‍ മൂലമുണ്ടാകുന്ന വാഹനാപകടമരണങ്ങള്‍ വര്‍ധിക്കുമ്പോഴും നടപടിയെടുക്കാനാകാതെ അധികൃതര്‍ നട്ടം തിരിയുന്നു. അക്രമാസക്തരായ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രോഗബാധയേറ്റുള്ള മരണത്തിന്റെയും എത്രയോ ഇരട്ടിയാണ് ഇവ മൂലമുണ്ടാകുന്ന വാഹനപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം ജില്ലയില്‍ തെരുവുനായ്ക്കള്‍ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഒരേസമയം 4 പേരാണ് മരിച്ചതെന്നിരിക്കെ ഇതിലും വില്ലനായത് തെരുവുനായതന്നെ. ഇരുചക്ര മുചക്ര വാഹനങ്ങളാണു കൂടുതലായും തെരുവുനായ്ക്കളാലുള്ള ദുരന്തത്തിനു കാരണമാകുന്നത്. നായ കുറുകെ ചാടിയതുമൂലം ഒറ്റപ്പാലത്തു ഓട്ടോ നിയന്ത്രണം വിട്ട് ഡ്രൈവര്‍ മരിച്ചപ്പോള്‍ കോട്ടായിക്കു സമീപം 21 വയസ്സുള്ള എം.സി.എ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. ഇതിനുപുറമെ ആലത്തൂര്‍, ചിറ്റൂര്‍, മന്തക്കാട്, കല്ലേക്കുളങ്ങര എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ഇരയായതും നിരപരാധികളായ ഇരുചക്രവാഹനയാത്രികരാണ്.
2012-ലെ ജന്തുസെന്‍സസ് പ്രകാരം സംസ്ഥാനത്താകെ 2,68,994 ഓളം തെരുവുനായ്ക്കളാണുള്ളതെന്നിരിക്കെ പ്രതിവര്‍ഷം തെരുവുനായ്ക്കളുടെ എണ്ണത്തില്‍ പത്തിരട്ടിയോളം വര്‍ദ്ദനയുണ്ടാവുന്നതാണ് ഇവമൂലമുള്ള അപകടത്തിന്റെ പ്രധാന കാരണമാകുന്നത്. തെരുവുനായ്ക്കള്‍ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ദനയുണ്ടാവുമ്പോഴും ഇവയെ നിയന്ത്രിക്കാനുള്ള വഴികളെക്കുറിച്ച് ഭരണതലങ്ങളില്‍പ്പോലും തര്‍ക്കങ്ങള്‍ തുടരുകയാണ്. നാടും നഗരവും കീഴടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി ഒഴിഞ്ഞ മേഖലയില്‍ കൂടൊരുക്കി താമസിപ്പിക്കണമെന്നതുള്‍പ്പടെയുള്ള വിദഗ്ദ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും എല്ലാം ജലരേഖയാവുകയാണ്. വാഹനാപകടങ്ങള്‍ക്കു പുറമെ വളര്‍ത്തു മൃഗങ്ങളും പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ഇവയുടെ നായാട്ടിനിരയാകുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നോക്കിനില്‍ക്കാനേ കഴിയുന്നുള്ളു. അല്ലനല്ലൂര്‍ മേഖലയില്‍ ഗര്‍ഭിണിയായ ആടുകളടക്കം പത്തിലധികം വളര്‍ത്തുമൃഗങ്ങളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്. ഇതിനു പുറമെ പ്രഭാത സവാരിക്കിറങ്ങുന്നവരും പത്ര - പാല്‍ വിതരണത്തിനു പോകുന്നവരും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും തെരുവുനായ്ക്കളുടെ അക്രമണത്തിന്റെ ഇരകളാകുന്നുണ്ട്. 2011-ല്‍ ജില്ലാ മൃഗാശുപത്രിയില്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വന്ധ്യംകരണം പദ്ധതിക്ക് അകാലചരമം വന്നതാണ് ജില്ലയില്‍ തെരുവുനായ്ക്കളുടെ വര്‍ദ്ധനയ്ക്ക് കാരണമായത് മുന്‍കാലങ്ങളില്‍ നഗരസഭ പരിധിയില്‍ മുന്‍സിപ്പില്‍ ജീവനക്കാരായ നായ പിടുത്തക്കാരുണ്ടായിരുന്നെങ്കിലും പിന്നീട് ഈ തസ്തിക എടുത്തുകളഞ്ഞതാണ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച കാര്യത്തില്‍ നടപടിയാകാതിരിക്കുന്നത്. മൃഗാശുപത്രിയില്‍ വന്ധ്യംകരിക്കാന്‍ കൊണ്ടുവന്ന നായ്ക്കള്‍ക്ക് ആശുപത്രിയധികൃതര്‍ നാല്പതു രൂപ നല്‍കിയിരുന്നെങ്കിലും ദൂരപ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇതുമായി ഒത്തുപോകാന്‍ കഴിയാതായതാണ് പദ്ധതി താളം തെറ്റിയത്. എന്നാല്‍ വഴിയേരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും കവലകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കൂട്ടിയിടുന്ന മാലിന്യക്കൂമ്പാരങ്ങളും ഹോട്ടല്‍ വേസ്റ്റുകളും കോഴിമാലിന്യങ്ങളുമൊക്കെയാണ് രാപകലാന്യേവിഹരിക്കുന്ന തെരുവുനായ്ക്കള്‍ക്ക് കാരണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
പഞ്ചായത്ത് മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും രാത്രി പത്തുമണികഴിഞ്ഞാല്‍ പത്തോളം വരുന്ന നായ്ക്കളുടെ താവളങ്ങളാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ച കോടതി ഉത്തരവാണ് ഇന്ന് നിരപരാധികളായ മനുഷ്യന്റെയും മിണ്ടാപ്രാണികളുടെയും അന്തകാരായിത്തീര്‍ന്നിരിക്കുന്നത്. മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനമായിരുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ 1.3 കോടി രൂപ വരുന്ന പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ കഴിഞ്ഞ കേരളപ്പിറവിദിനം മുതല്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണം തുടങ്ങനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരുവുനായ നിയന്ത്രണം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാണ് ഉള്‍പ്പെടുത്തിട്ടുള്ളതെങ്കിലും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത സഹകരണം വേണം. ജില്ലാ പഞ്ചായത്തിന് ആദ്യം ഫണ്ടുകൈമാറുന്ന പഞ്ചായത്തുകള്‍ക്കാണ് പദ്ധതി പ്രഥമഘട്ടത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. 2012ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 69000 തെരുവുനായ്ക്കളുണ്ടെന്നിരിക്കെ എല്ലാ സ്ഥലങ്ങളിലും തെരുവുനായ്ക്കളുടെ ശല്യമുള്ളതിനാലും പദ്ധതി വിജയിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതില്‍ 2500 പെണ്‍പട്ടികളുണ്ടെന്നതിനാല്‍ മാസം 200 - 250 പട്ടികളെ വീതം വന്ധ്യംകരിച്ചാല്‍ തന്നെ ജില്ലയില്‍ മുഴുവന്‍ വന്ധ്യംകരണം നടത്താന്‍ ഒരു വര്‍ഷം വേണ്ടിവരും. പദ്ധതികളൊക്കെ കടലാസിലൊതുങ്ങുമ്പോള്‍ അലറിവിളിച്ച് അക്രമസക്തരായ തെരുവുനായ്ക്കള്‍ക്കു മുന്നില്‍ നിലവിളിക്കാന്‍ പോലുമാവാതെ ജനങ്ങളും നിസ്സഹായരാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."