കള്ളക്കടത്ത് തടയും, നികുതി വരുമാനം കൂട്ടും: ധനകാര്യമന്ത്രി
പാലക്കാട്:ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഊടുവഴികളിലൂടെ നികുതി വെട്ടിച്ച് കേരളത്തിലെത്തുന്ന വാഹനങ്ങളെ തടയുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ജില്ലയിലെ വാണിജ്യ നികുതി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്. അഴിമതി രഹിത വാളയാര്‍ പദ്ധതി പുനരാവിഷ്‌ക്കരിക്കുന്നതിനാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്. ഊടുവഴികളില്‍ രഹസ്യക്യാമറ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ മന്ത്രി പരിശോധിച്ചു. 16 കേന്ദ്രങ്ങളില്‍ രഹസ്യക്യാമറ സ്ഥാപിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ചെക്‌പോസ്റ്റുകളില്‍ നിന്നുള്ള നികുതിവരുമാനം കുറഞ്ഞത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ചെക്‌പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. അനുഭവസമ്പത്തുള്ള നികുതിവകുപ്പിനെ അഴിമതിരഹിതമാക്കാന്‍ മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥരെ ചെക്‌പോസ്റ്റുകളില്‍ നിയമിക്കും. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റിനും മറ്റ് അനുബന്ധരേഖകള്‍ക്കുമായി അക്ഷയകേന്ദ്രം അതിര്‍ത്തിയോട് ചേര്‍ന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വാളയാര്‍ ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി വാഹന പരിശോധന ചെക്ക്‌പോസ്റ്റ് പരിധിക്കപ്പുറത്തേക്ക് മാറ്റും. എല്ലാ ചെക്‌പോസ്റ്റുകളിലും ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കും.ചെക്‌പോസ്റ്റുകളുടെ സുരക്ഷക്ക് കൂടുതല്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദേഹം അറിയിച്ചു.
ചരക്ക് വാഹനങ്ങള്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ മാത്രമെ കേരളത്തിലേക്ക് പ്രവേശിക്കാവൂയെന്ന നിയമം മറികടന്ന് വാഹനങ്ങള്‍ വേലന്താവളം ചെക്‌പോസ്റ്റിലൂടെയാണ് അതിര്‍ത്തി കടന്നെത്തുന്നത്. ഇത്തരം വാഹനങ്ങളില്‍ നിന്ന് ഫൈന്‍ ഈടാക്കും. സംയോജിത ചെക്‌പോസ്റ്റെന്ന ആവശ്യം നടപ്പിലാക്കാന്‍ കൂടുതല്‍ സ്ഥലം കണ്ടെത്തണം. ശാസ്ത്രീയ രീതികളിലൂടെ നികുതിവകുപ്പിലെ അഴിമതി തുടച്ചുനീക്കാന്‍ ഉദ്യോഗസ്ഥ സഹകരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും മാര്‍ച്ച് അവസാനത്തോടെ പരിപാടിക്ക് തുടക്കമാകും. പദ്ധതിക്ക് അവലംബിക്കേണ്ട നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ രൂപരേഖയുണ്ടാക്കി മന്ത്രിക്ക് നല്‍കണം. ഈ രൂപരേഖ ഏകോപിപിച്ച് മുഖ്യമന്ത്രിക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."