എടപ്പറ്റ പഞ്ചായത്ത് സി.പി.എമ്മുമായുള്ള ഭരണപങ്കാളിത്തം മുസ്ലിംലീഗ് അവസാനിപ്പിച്ചു
മഞ്ചേരി: കഴിഞ്ഞ ഒരുവര്‍ഷമായി എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ തുടര്‍ന്നുവന്ന സി.പി.എമ്മുമായുള്ള ഭരണപങ്കാളിത്തം അവസാനിപ്പിച്ചതായി പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികള്‍ അറിയിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ലീഗ് ഭരണപങ്കാളിത്തം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷമായി തുടരുന്ന ഭരണത്തില്‍ സംതൃപ്തിയുണ്ട് . അഴിമതി ആരോപണങ്ങളുടെ മധ്യത്തില്‍ നില്ക്കുന്ന കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുള്ള സഖ്യവുമുണ്ടാക്കില്ല. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസുമായി ലീഗ് ഉണ്ടാക്കിയ ധാരണകള്‍ പാലിക്കാന്‍ അവര്‍ തയാറാവാത്തതും കോണ്‍ഗ്രസ് നേതാക്കള്കെതിരേ നിരന്തരം ഉയരുന്ന അഴിമതിആരോപണങ്ങളും പാര്‍ട്ടിയുമായി ആലോചിക്കാതെ നിലവിലെ ഭരണത്തിനെതിരേ ഏകപക്ഷീയമായി അവിശ്വാസനോട്ടീസ് നല്കിയതും മുസ്ലിംലീഗ് അണികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഭരണപങ്കാളിത്തത്തില്‍ നിന്നു മാറി സ്വന്തമായി നില്‍ക്കാനാണ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു. ഭരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായി നിലവിലെ വൈസ്പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുസ്ലിം ലീഗിലെ മുഹമ്മദ് റാഫി തല്‍സ്ഥാനം രാജിവെക്കുമെന്നും നേതൃത്വം അറിയിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ പി.സി കുഞ്ഞാന്, ചാലില്‍ മുഹമ്മദ്ബാബു, ഇ കോയഹാജി, സി.ടി ഇബ്രാഹീം, സി.കെ ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീരുമാനം കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."