മോദിയുടെ അഭാവം: പാര്‍ലമെന്റില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുന്നത് തുടരുന്നു. നോട്ട് നിരോധനചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാത്തതിനെച്ചൊല്ലിയാണ് ഇന്നലെയും സഭ തടസപ്പെട്ടത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ആദ്യം ഉന്നയിച്ചത്. ചോദ്യോത്തരവേളയില്‍ മോദിയുടെ സാന്നിധ്യം അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ സമയം സഭയിലെത്തിയ പ്രധാനമന്ത്രി അല്‍പനേരം സഭയിലിരുന്നു മടങ്ങി. പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ്കുമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. വോട്ടിങ്ങോടു കൂടിയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാല്‍, ഇത് എല്ലാ ദിവസവും നടക്കുന്ന നാടകമാണെന്നും ചര്‍ച്ച വേണമെങ്കില്‍ ഇപ്പോള്‍ തന്നെ തയാറാകണമെന്നുമായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞത്. ഇതോടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിപക്ഷം എണീറ്റു.
പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ ഇന്നലെ ശൂന്യവേളയും ചോദ്യോത്തര വേളയും ബഹളത്തില്‍ മുങ്ങി. ആസൂത്രണമില്ലാതെ നോട്ട് നിരോധനം നടപ്പാക്കിയതു മൂലം 84 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു.
പ്രധാനമന്ത്രി സഭയിലെത്തി ചര്‍ച്ചകള്‍ക്കു മറുപടി പറയാന്‍ തയാറാകണമെന്ന് എസ്.പി അംഗം നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ബി.എസ്.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."