പ്ലസ്ടു സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ ഇനി തിരുവനന്തപുരത്ത് പോകേണ്ട
മലപ്പുറം: ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം സര്‍ട്ടിഫിക്കറ്റില്‍ വന്ന തെറ്റുകള്‍ തിരുത്താന്‍ ഇനി തിരുവനന്തപുരംവരെ പോകേണ്ടതില്ല.
അതതു ജില്ലകളുടെ ചുമതല വഹിക്കുന്ന മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കുതന്നെ ഇവ തിരുത്തി നല്‍കാം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ അശ്രദ്ധമൂലം ഈ വര്‍ഷം വിതരണം ചെയ്ത ആയിരക്കണക്കിന് പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളില്‍ കുട്ടികളുടെ പേര് തെറ്റായ രീതിയില്‍ രേഖപ്പെടുത്തിയിരുന്നു.
വിദ്യാര്‍ഥികളുടെ പേരിന്റെയും ഇനീഷ്യലിന്റെയുമിടയില്‍ ഡോട്ട്, സ്‌പെയ്‌സ് എന്നിവ ഇല്ല എന്നതുള്‍പ്പെടെയുള്ള നിരവധി തെറ്റുകളാണ് 2016 മാര്‍ച്ചില്‍ നടന്ന വാര്‍ഷിക പരീക്ഷയ്ക്കു ശേഷം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഉണ്ടായത്. ഇതേ തെറ്റുകള്‍ 2016 ജൂണില്‍ നടന്ന സേ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളിലും ആവര്‍ത്തിച്ചു. ഉപരിപഠനത്തിനായി വിവിധ യൂനിവേഴ്‌സിറ്റികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയെ സമീപിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ അപാകത മനസിലാക്കിയത്. അപാകത പരിഹരിക്കാന്‍ നിരവധി രക്ഷിതാക്കള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ പരാതി നല്‍കിയിരുന്നു.
ഇതു പരിഗണിച്ചാണ് 2016 മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ നടന്ന പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ വന്ന തെറ്റുതിരുത്താന്‍ ഡയറക്ടറേറ്റില്‍ വരേണ്ടതില്ലെന്നറിയിച്ച് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പകരം ഡോട്ട്, സ്‌പേസ് എന്നിവ തിരുത്തുന്നതിന് ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
രണ്ടു ജില്ലകള്‍ക്ക് ഒരു മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന രീതിയില്‍ സംസ്ഥാനത്താകെ ഏഴു മേഖലാ ഡയറക്ടറേറ്റുകളാണുള്ളത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല തിരുവനന്തപുരം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചുമതല(ചെങ്ങന്നൂര്‍ ആര്‍.ഡി.ഡി), കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല(കോട്ടയം ആര്‍.ഡി.ഡി) , എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതല(എറണാകുളം ആര്‍.ഡി.ഡി), കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതല (കോഴിക്കോട് ആര്‍.ഡി.ഡി), പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതല(മലപ്പുറം ആര്‍.ഡി.ഡി), കണ്ണൂര്‍, കാസര്‍കോഡ്് ജില്ലകളുടെ ചുമത കണ്ണൂര്‍ ആര്‍.ഡി.ഡി എന്നിവര്‍ക്കാണ്.
ഹയര്‍ സെക്കന്‍ഡറി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തിരുത്തല്‍ വരുത്തിയ ശേഷം ഇ മെയില്‍ മുഖാന്തരം പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടറെ അറിയിക്കണമെന്നാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."