പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. പുത്തന്‍വേലിക്കര ലൂര്‍ദ് മാതാപള്ളി മുന്‍ വികാരി മതിലകം അരീപ്പാലം സ്വദേശി ഫാ. എഡ്വിന്‍ ഫിഗറസിനാണ് ഇരട്ടജീവപര്യന്തവും 2,15,000 രൂപ പിഴയും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 14 കാരിയായ പെണ്‍കുട്ടിയെ പള്ളിമേടയില്‍ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വൈദികനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷത്തെ തടവും കോടതി വിധിച്ചു.
2015 ജനുവരി മുതല്‍ കുട്ടിയെ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി മാര്‍ച്ച് അവസാനം വരെ അത് തുടരുകയും ചെയ്തു. 2016 ഏപ്രിലിലാണ് പീഡനവിവരം പുറത്തുവന്നത്. പള്ളിമേടയിലേക്ക് കുട്ടിയെ വികാരി ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്. സംഭവം പുറത്തായതോടെ വൈദികനെ സഭ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പുത്തന്‍വേലിക്കര പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഫാ. എഡ്വിന്‍ ഫിഗറസ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. വിദേശത്തേക്ക് കടക്കാന്‍ ഇയാളെ സഹായിച്ച കുറ്റത്തിന് പൊലിസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തതോടെ എഡ്വിന്‍ ഡിവൈ.എസ്.പി ഓഫിസില്‍ കീഴടങ്ങുകയായിരുന്നു.
ഒളിവില്‍പ്പോകാന്‍ സഹായിച്ച സഹോദരന്മാരായ പതിശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗറസ്(58), സ്റ്റാന്‍ലി ഫിഗറസ് (54), സഹോദരന്റെ മകന്‍ ബെഞ്ചമിന്‍ ഫിഗറസ്(22), ബന്ധു ക്‌ളാരന്‍സ് ഡിക്കോത്ത് (62), പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തൃശൂര്‍ മാള കളരിക്കന്‍ വീട്ടില്‍ അജിത എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍.
പെണ്‍കുട്ടി പീഡനത്തിനിരയായതായി പരിശോധനയില്‍ അറിഞ്ഞിട്ടും വിവരം മറച്ചുവച്ചതാണ് ഡോ. അജിതയ്‌ക്കെതിരായ കേസ്. പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനുമാണ് ഫാ. എഡ്വിന്‍ ഫിഗറസ്. സംഗീതത്തിലുള്ള കുട്ടിയുടെ താല്‍പ്പര്യം മുതലെടുത്ത് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചായിരുന്നു വൈദികന്‍ തന്റെ ഇംഗിതത്തിന് കുട്ടിയെ ഉപയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."