അലഹബാദ് ഹൈക്കോടതി വിധി മൗലികാവകാശത്തില്‍ ഇടപെടല്‍: ആലിക്കുട്ടി മുസ്ലിയാര്
കാസര്‍കോട്: മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഒരു വ്യക്തിനിയമവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നുമുള്ള അലഹബാദ് ഹൈക്കോടതി വിധി പൗരന്മാരുടെ മൗലികാവകാശത്തിലുള്ള ഇടപെടലാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്.
ഇസ്ലാമിക ശരീഅത്ത് സംബന്ധിച്ച് തീര്‍പ്പ് കല്പിക്കാന് കോടതികള്‍ക്ക് അധികാരമില്ല. ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരം വിശ്വാസവും ആചാരവും പൗരന്മാരുടെ സ്വതന്ത്ര അധികാരത്തില്‍പ്പെട്ടതാണ്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് വിവാഹവും വിവാഹമോചനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ മുസ്ലിംകള്ക്ക് ഇന്ത്യന്‍ ഭരണഘടന അവകാശവും അധികാരവും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഏത് വസ്ത്രമാണ് സ്ത്രീകള്‍ ധരിക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ തന്ത്രിക്കാണ് അധികാരമെന്ന് കേരള ഹൈക്കോടതി വിധി വന്ന ദിവസം തന്നെയാണ് തികച്ചും വൈരുധ്യമുള്ള മറ്റൊരു വിധി ശരീഅത്തിനെതിരായി വന്നത്. മതാചാരങ്ങളും വിശ്വാസങ്ങളും സംബന്ധിച്ച് തീര്പ്പുകല്പിക്കാന് മതപണ്ഡിതന്മാര്ക്ക് മാത്രമേ അധികാരമുള്ളൂ. മൗലികാലകാശങ്ങളില് ഇടപെടാനുള്ള എക്സിക്യുട്ടീവിന്റെയും ജുഡീഷ്യറിയുടേയും നീക്കങ്ങള്‍ ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."