നിലംപൊത്താറായ അങ്കണവാടി കെട്ടിടം കുരുന്നുകള്‍ക്ക് ഭീഷണി
ആര്യനാട്: ചോര്‍ന്നൊലിച്ച് നിലം പൊത്താറായ മേല്‍ക്കൂരയും കയര്‍ ഉപയോഗിച്ച് കെട്ടിവച്ചിരിക്കുന്ന ജനലുകളും വിണ്ടുകീറിയ ചുമരുകളുമുള്ള അങ്കണവാടി കെട്ടിടം കുട്ടികളുടെ ജീവന് ഭീഷണിയാകുന്നു. ആര്യനാട് വലിയകലുങ്കിലെ 30-ാം നമ്പര്‍ അങ്കണ്‍വാടിയാണ് കുട്ടികളുടെ ജീവനുപോലും ഭീഷണിയായി ദയനീയാവസ്ഥയിലുള്ളത്.
ശക്തമായൊരു മഴയെ താങ്ങാനുള്ള ശേഷി അങ്കണവാടിയുടെ മേല്‍ക്കൂരക്കില്ല. വയറിങ് നടത്തിയിട്ടും വൈദ്യുതിയും ലഭിച്ചിട്ടില്ല. അടുക്കളയുടെ കാര്യം പറയേണ്ടതില്ല. ചോര്‍ച്ച കാരണം മഴയുണ്ടായാല്‍ അങ്കണവാടിക്ക് അവധിയാണ്. കെട്ടിടം നിലം പൊത്താറായതോടെ കുട്ടികളെ അങ്കണവാടിയില്‍ പഠിക്കാന്‍ അയക്കുന്നതിനും രക്ഷകര്‍ത്താക്കള്‍ക്ക് പേടിയാണ്. കെട്ടിടം അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ ലഭിക്കില്ലെന്ന ആശങ്കയും അധ്യാപികക്കുണ്ട്.
അങ്കണവാടി കെട്ടിടത്തിന് സംരക്ഷണം ഇല്ലെന്ന് ആര്യനാട് സി.ഡി.പി.ഒ പരിശോധന രജിസ്ട്രറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവിശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധിക്യതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും സി.ഡി.പി.ഒ സരസ്വതി അറിയിച്ചു. അടിയന്തിരമായി അങ്കണവാടി വാടക കെട്ടിടത്തിലേക്ക് മാറ്റുകയോ ഈ കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."