റോഡ് വശത്ത് വന്മരങ്ങള്; അപകടസാധ്യത
കാട്ടാക്കട: കൊണ്ണിയൂര്‍ ഉറിയാക്കോട് വില്ലേജ് ഓഫിസിന് സമീപം റോഡ് വക്കില്‍ അപകട ഭീഷണിയായി വന്‍ ആഞ്ഞിലി മരങ്ങള്‍. ഇതിലൊന്ന് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ഒടിഞ്ഞ് റോഡരികില്‍ ഇരുന്ന സ്കൂട്ടറിനു മേല്‍ പതിച്ചു .സ്കൂട്ടര്‍ ഭാഗികമായി തകര്‍ന്നു .അഗ്നിശമന സേന എത്തിയാണ് ഒടിഞ്ഞു വീണ മരം മുറിച്ചു നീക്കിയത്.തുടര്‍ന്ന് സമീപത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒരു വശത്തേയ്ക്ക് ചരിഞ്ഞു നില്ക്കുന്ന മരം കാറ്റില്‍ ആടിയുലഞ്ഞു ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. സമീപത്തായി വീടുകള്‍ സ്ഥിതി ചെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
മരം നില്‍ക്കുന്നതിന്റെ മറുവശത്ത് വൈദ്യുത പോസ്റ്റും ഒരു വശത്ത് റോഡുമാണ് .ഈ വശങ്ങളിലേക്ക് വീണാലും അപകടം ഉറപ്പാണ്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയില്‍ മരം ഒടിഞ്ഞു വീണ് അപകടം ഉണ്ടാകും എന്ന് പഞ്ചായത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു .
മരം ഒടിഞ്ഞു വീണു ഈ ഭാഗത്ത് റോഡിന്റെ ഒരുവശത്തെ ടാര്‍ പൊളിഞ്ഞിട്ടുണ്ട്. മരച്ചില്ലകള്‍ നീക്കം ചെയ്യാതെ റോഡിന്റെ വശത്ത് തന്നെ ഉപേക്ഷിച്ചത് കാരണം വാഹനങ്ങള്‍ക്കും കാല്
നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."