ഇടതുകോട്ടയില്‍ നിന്നു കോണ്‍ഗ്രസിന്റെ അമരത്ത്
കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലത്തില്‍ നിന്നാണു സതീശന്‍ പാച്ചേനി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്തേക്ക് എത്തുന്നത്. വി.എസ് അച്യുതാനന്ദനെതിരേ രണ്ടുതവണ മലമ്പുഴയില്‍ മത്സരിച്ചതോടെ ശ്രദ്ധേയനായ പാച്ചേനി ഇന്നലെ രാത്രി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച പട്ടികയില്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി ഇടംനേടിയതോടെ അദ്ദേഹത്തിനു പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയായി. കമ്യൂണിസ്റ്റുകാരനും മാവിച്ചേരി സമരനായകനുമായിരുന്ന ഉറുവാടന്റെ കൊച്ചുമകനായ സതീശന്‍, പരിയാരം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായാണു രാഷ്ട്രീയ രംഗത്തെത്തുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വരെയെത്തിയ പാച്ചേനി 11 വര്‍ഷം കെ.പി.സി.സി സെക്രട്ടിയും പിന്നീടു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായി.
ഒരുകാലത്ത് ജില്ലയിലെ എ വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്ന പാച്ചേനി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കെ സുധാകരനുമായി അടുത്ത് ഐ ഗ്രൂപ്പില്‍ എത്തുകയായിരുന്നു. ഐ വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സീറ്റ് ലഭിച്ച അദ്ദേഹം കടന്നപ്പള്ളി രാമചന്ദ്രനോടു പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസിലെ ഒരുവിഭാഗം കാലുവാരിയാണു പാച്ചേനിയെ തോല്‍പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഡി.സി.സി പ്രസിഡന്റ് പട്ടികയിലേക്കു സതീശന്റെ പേരു തന്നെ നിര്‍ദേശിച്ച് അദ്ദേഹത്തെ കെ സുധാകരന്‍ കൈവിട്ടില്ല. ഇത്തവണ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും എ വിഭാഗത്തില്‍ നിന്നുകൂടി പിന്തുണ ലഭിച്ചതോടെ അന്തിമവിധി സതീശന് അനുകൂലമായി. കഴിഞ്ഞതവണ ഡി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഐ വിഭാഗക്കാരനായ കെ സുരേന്ദ്രനെതിരേ എ വിഭാഗം നിശ്ചയിച്ചതും പാച്ചേനിയെയായിരുന്നു.
1996ല്‍ തളിപ്പറമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സതീശന്‍ 2001ലും 2006ലും മലമ്പുഴയില്‍ വി.എസിനെതിരേ പോരാട്ടത്തിനിറങ്ങിയപ്പോഴാണു ശ്രദ്ധേയനാകുന്നത്. പാര്‍ട്ടി കോട്ടയായ മലമ്പുഴയില്‍ 2001ല്‍ വി.എസിന്റെ ഭൂരിപക്ഷം 4703 വോട്ടായി കുറച്ച് സതീശന്‍ സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. 2009ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ 1820 വോട്ടിനു എം.ബി രാജേഷിനോടു പരാജയം ഏറ്റുവാങ്ങിയ സതീശന്‍ രാഷ്ട്രീയ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."