കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു
കണ്ണൂര്‍: കാലാവസ്ഥാ വ്യതിയാനം കുട്ടികളെ വൈറസ് രോഗങ്ങളുടെ ഇരകളാക്കുന്നു. ജില്ലയില്‍ പകര്‍ച്ചവ്യാധികളായ ചിക്കന്‍ പോക്‌സ്, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, പകര്‍ച്ചപ്പനി എന്നിവ വ്യാപകം. മലയോരമേഖലയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കുട്ടികളില്‍ ഇത്തരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ വരുന്ന വൈറസ് രോഗങ്ങള്‍ ഒരുകുട്ടിയില്‍നിന്നു മറ്റൊരു കുട്ടിയിലേക്ക് എന്ന ക്രമത്തില്‍ ഓരോ വീടുകളിലുമെത്തുകയാണ്.
അങ്കണവാടി മുതല്‍ പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇത്തരം രോഗങ്ങള്‍ക്കെതിരേ പ്രതിരോധ മരുന്നുകള്‍ നല്‍കാറുണ്ടെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ലെന്നാണ് രോഗവ്യാപനം തെളിയിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണം നടത്താറുണ്ടെങ്കിലും എല്ലായിടത്തും എത്തുന്നില്ലെന്ന പരാതിയുമുണ്ട്. ജില്ലയില്‍ അഞ്ചരക്കണ്ടി ഭാഗത്താണ് ഏറ്റവും കൂടുതല്‍ രോഗികളായ കുട്ടികളുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിഫ്തീരിയ പ്രതിരോധിക്കുന്നതിനായി നടത്തുന്ന കുത്തിവയ്പ്പുകള്‍ പൂര്‍ണമാകുന്നില്ലെന്നാണ് വിവരം. ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജനറല്‍ ആശുപത്രികളിലും ആരോഗ്യവകുപ്പു നടത്തിവരുന്ന ഡിഫ്ത്തീരിയ കുത്തിവയ്പ്പ് ഇനിയും പൂര്‍ണമായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകയറി അറിയിച്ചെങ്കിലും വാക്‌സിനേഷനെടുക്കാന്‍ 80 ശതമാനം ആളുകള്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നുള്ളൂ. 12 വയസു മുതല്‍ 64 വയസിനിടയിലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ആദ്യ ഡോസ് എടുത്ത എല്ലാവരും രണ്ടാമത് ഡോസ് എടുത്തിട്ടില്ല. മാഹിയിലും പരിസര പ്രദേശങ്ങളിലും ഡിഫ്തീരിയബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുത്തിവയ്‌പ്പെടുക്കണമെന്നു ബോധവത്കരണം നടത്തിയിരുന്നെങ്കിലും പ്രതികരണം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."