പുതിയ ഡി.സി.സി അധ്യക്ഷന്‍മാര്‍ക്ക് വെല്ലുവിളികളേറെ
തിരുവനന്തപുരം: യുവത്വത്തിന്റെ പ്രസരിപ്പുമായി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ എത്തിയതോടെ അണികള്‍ ആവേശത്തില്‍. കേന്ദ്ര നേതൃത്വം നടത്തിയ അഴിച്ചുപണിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരെല്ലാം ഞെട്ടലിലാണ്.
പഴയ മുഖങ്ങളെ പാടേ ഒഴിവാക്കി സാമുദായിക സമവാക്യം ഉള്‍പ്പെടെ ഒരു പരാതിക്കും ഇട നല്‍കാതെയുള്ള അഴിച്ചുപണി മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മനസറിഞ്ഞു തന്നെയാണ്. പുതുതായി നിയമിതരായ ഡി.സി.സി അധ്യക്ഷന്‍മാരില്‍ ഭൂരിപക്ഷത്തിനും ഇനി വിധേയത്വം എ.കെ ആന്റണിയോട് മാത്രമായിരിക്കും. ഓരോ പേരുകളും ആന്റണിയുമായി ചര്‍ച്ച ചെയ്തു വ്യക്തത വരുത്തിയാണ് രാഹുല്‍ഗാന്ധിയും സംഘവും തെരഞ്ഞെടുത്തത്. ഇക്കാര്യം പുതിയ അധ്യക്ഷന്‍മാര്‍ക്ക് വ്യക്തമായി അറിയാം.
ഗ്രൂപ്പു നേതാക്കള്‍ നല്‍കിയ പേരുകള്‍ പാടേ ഒഴിവാക്കിയില്ലെന്ന് വരുത്തിതീര്‍ത്തതും ആന്റണി ഇടപെട്ടു തന്നെയാണ്. കോഴിക്കോട്, കോട്ടയം, ആലപ്പുഴ ഉള്‍പ്പെടെ ജില്ലകളില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ച പേരുകള്‍ തന്നെ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍, മറ്റു ജില്ലകളില്‍ എ.കെ ആന്റണി നിര്‍ദേശിച്ച പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരെ വെട്ടാനുള്ള ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പു നേതാക്കള്‍ക്കും ഇത്തവണ കഴിഞ്ഞില്ല.
നിരവധി പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയില്‍ നിന്നും ആരൊക്കെ പുറത്താവുമെന്ന സൂചന പോലും ഒരാള്‍ക്കും ലഭിച്ചില്ല. ഗ്രൂപ്പുകള്‍ക്ക് സ്വന്തക്കാരെന്ന് അവകാശപ്പെടുമ്പോഴും പുതിയ പ്രതീക്ഷകളുമായി യുവ നേതാക്കള്‍ പാര്‍ട്ടി തലപ്പത്തേക്ക് എത്തിയത് താഴെത്തട്ടിലെ പ്രവര്‍ത്തകരില്‍ ആവേശം നിറച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍െപ്പടെ നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പുതിയ ഡി.സി.സി അധ്യക്ഷന്‍മാര്‍ക്ക് പിന്തുണയുമായി യുവാക്കളുടെ നിര എത്തിയിട്ടുണ്ട്. രക്തത്തില്‍ ഗ്രൂപ്പിസം അലിഞ്ഞു ചേര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് പ്രതിഷേധമുള്ളത്. എന്നാല്‍, പരസ്യമായി പുറത്തു കാട്ടി നടപടി വാങ്ങാന്‍ അവരും തയാറല്ല.
എ ഗ്രൂപ്പിനുള്ളില്‍ അമര്‍ഷം രൂപപ്പെട്ടിട്ടുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാന്‍ ആരും തയാറായിട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനത്തെ എതിര്‍ത്തു മുന്നോട്ടു പോകുക അസാധ്യമാണെന്ന് ഡി.സി.സി അധ്യക്ഷ നിയമനത്തിലൂടെ ഗ്രൂപ്പുകളെല്ലാം തിരിച്ചറിയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ താഴെത്തട്ടു മുതല്‍ ശക്തമാക്കുകയെന്ന ഭാരിച്ച വെല്ലുവിളിയാണ് പുതിയ ഡി.സി.സി അധ്യക്ഷന്‍മാരെ കാത്തിരിക്കുന്നത്.
ബൂത്ത് കമ്മിറ്റികള്‍ മുതല്‍ ഡി.സി.സി ഭാരവാഹികള്‍ വരെ പുതിയ മുഖങ്ങളെ കൊണ്ടുവരാനായാല്‍ കേരളത്തില്‍ സംഘടന ശക്തിപ്പെടുത്താ
നാവുമെന്ന പ്രതീക്ഷയാണ് പുതിയ ഡി.സി.സി അധ്യക്ഷന്‍മാരും പ്രകടിപ്പിക്കുന്നത്. എങ്കിലും മോഹഭംഗം വന്ന മുതിര്‍ന്ന നേതാക്കളെയും ഗ്രൂപ്പ് മാനേജര്‍മാരെയും ഒരുമിപ്പിച്ചു കൊണ്ടു പോകുക ശ്രമകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."