ഗ്രാമത്തിന് ജലലഭ്യതയൊരുക്കി ദേവര്‍കോവില്‍ യു.പി സ്‌കൂള്‍
തൊട്ടില്‍പ്പാലം: ഹരിതകേരളം പദ്ധതിക്കായി നാടൊന്നാകെ രംഗത്തിറങ്ങിയപ്പോള്‍ ദേവര്‍കോവില്‍ കെ.വി.കെ.എം.എം.യു.പി ഒരു ഗ്രാമത്തിന് ജലലഭ്യതയൊരുക്കി മാതൃകയായി. കായക്കൊടി പഞ്ചായത്തിലെ പൂക്കാട് പുന്നത്തോട്ടം ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ കരിമ്പാലക്കണ്ടി ആര്‍.ബി.സി സബ്കനാല്‍ ജലയോഗ്യമാക്കിയാണ് വിദ്യാര്‍ഥികള്‍ മാതൃക തീര്‍ത്തത്. ഹരിതകേരള ദിനത്തില്‍ ഒരു നാടിനാകെ ജലലഭ്യത ഉറപ്പു വരുത്താന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
കരിമ്പാലക്കണ്ടി ഭാഗത്ത് കനാല്‍ ഓവ് മാലിന്യക്കൂമ്പാരമായി നിറഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ട് ജലം പാഴാകല്‍ ഒരോ വര്‍ഷത്തേയും നിത്യകാഴ്ചയായിരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതുമൂലം ഈ ഭാഗത്തെ നിരവധി കുടുംബങ്ങള്‍ക്ക് ജലസ്രോതസായ കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളം കിട്ടാക്കനിയാവുന്നത് പതിവ് കാഴ്ചയുമായി.
ഇതറിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം കനാലിലെ ചെളിമണ്ണും, പ്ലാസ്റ്റിക് മാലിന്യങ്ങളും പൂര്‍ണമായും നീക്കം ചെയ്യുകയായിരുന്നു.
വരുകാലം ഒരു തുള്ളി ജലവും പാഴായി പോകാതെ സംരക്ഷിക്കാന്‍ തങ്ങളുണ്ടാവുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയും ചെയ്തു. പ്രദേശത്ത് ജലലഭ്യതയെ കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ പി.കെ നവാസ്, പി.കെ സണ്ണി, പി.വി നൗഷാദ്, പി. ഷിജിത്ത്, കെ.കെ അഷ്‌റഫ്, സി.പി അബ്ദുല്‍ ഹമീദ്, കെ.പി മുഹമ്മദ് ഷാസിര്‍, വിദ്യാര്‍ഥികളായ ഉജ്വല്‍ ആനന്ദ്, എന്‍.കെ മുഹമ്മദ്, ടിന മോഹന്‍, ഹരിദേവ്, പാര്‍ദ്ധിബ്, മാസിന്‍ഹാരിസ്, നിനാന്‍, ഹാത്തിം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."