സമ്പൂര്‍ണ നോട്ട്‌രഹിത ജില്ല: മലപ്പുറം തയാറെടുപ്പ് തുടങ്ങി
മലപ്പുറം: ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ഇലക്‌ട്രോണിക് പണമിടപാട് പ്രോത്സാഹിപ്പിച്ച് മലപ്പുറത്തെ സമ്പൂര്‍ണ നോട്ട്‌രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ. അക്ഷയ സെന്ററുകളുടെയും ബാങ്കിങ് സാക്ഷരതാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് അക്ഷയയുടെ നേതൃത്വത്തില്‍ പരിശീലനംനല്‍കും. പൊതുജനങ്ങള്‍ക്ക് പണമിടപാട് പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും. വ്യാപാരി, വ്യവസായികളുടെ പങ്കാളിത്തവും പ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തും.
പണമിടപാട് നടത്തുന്ന 40 വ്യക്തികളും 10 സ്ഥാപനങ്ങളുമുള്ള ഒരു വില്ലേജിനെ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് സമ്പൂര്‍ണ ഇലക്‌ട്രോണിക് ഇടപാട് നടത്തുന്ന വില്ലേജായി പ്രഖ്യാപിക്കാന്‍ കഴിയും. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അക്ഷയയുടെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ വില്ലേജുകളിലെ പണരഹിത ഇടപാട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുക. 2017 ജനുവരിയോടെ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പണരഹിത ഇടപാട് നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി ജില്ലാതലസമിതി നിലവില്‍ വന്നു. ജില്ലാകലക്ടര്‍ ചെയര്‍മാനും ഡപ്യുട്ടി കലക്ടര്‍ ഡോ. ജെ.യു അരുണ്‍ നോഡല്‍ ഓഫിസറുമായിരിക്കും. ഇ-പേഴ്‌സുകളും മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങളും പരിചയപ്പെടുത്തും. നാലുതരം ഇലക്‌ട്രോണിക് പണമിടപാട് സോഫ്റ്റ് വെയറുകളാണ് പ്രധാനമായും പൊതുജനങ്ങളെ പരിചയപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."