പരുക്കേറ്റ വെള്ളിമൂങ്ങക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി
നിലമ്പൂര്‍: വെളിയംതോട് കെഎന്‍ജി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ചിറകൊടിഞ്ഞ വെള്ളിമൂങ്ങക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. നിലമ്പൂര്‍ വെറ്റിനറി എമര്‍ജന്‍സി സര്ജന് ഡോ. ജിനു ജോണ്‍, സീനിയര്‍ സര്ജന് ഡോ. പി.കെ. പ്രതാപ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിക്കേറ്റ വെള്ളിമൂങ്ങയെ സമീപത്തെ ഹോട്ടലുടമ കണ്ടത്. തുടര്‍ന്ന് വനപാലകളെ വിവരമറിയിച്ചു. പട്രോളിംഗിലായിരുന്ന വനപാലകര്‍ ഏഴ് മണിയോടെ എത്തി ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. ചിറകിലെ ഒടിഞ്ഞ എല്ലുകള്‍ കമ്പിയിട്ടു. തുടര്‍ച്ചയായി അഞ്ച് ദിവസം രാവിലെയും വൈകിട്ടും ഇന്ഞ്ചക്ഷന് എടുക്കണം. ആവശ്യമായ മരുന്നുകള്‍ വനപാലകര്‍ക്ക് നല്കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. ലുലു, ബിഎഫ്ഒമാരായ ടി. വിനോദ്, കെ.എം. ഹാരിസ്, ടി. സല്മാന് ഹാരിസ്, എം. ശീതള്‍ പ്രകാശ് എന്നിവരാണ് വെള്ളിമൂങ്ങയെ പരിപാലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."