കൂലി നല്കാനില്ല വിത്തിറക്കാനാവാതെ കര്‍ഷകര്‍
തിരൂരങ്ങാടി: സാമ്പത്തിക അടിയന്തിരാവസ്ഥ കാര്‍ഷികമേഖലയെയും തളര്‍ത്തി. ജോലിക്കാര്‍ക്ക് കൂലിനല്കാനില്ലാത്തതിനാല് ഉഴുത് പാകപ്പെടുത്തിയ പാടശേഖരങ്ങളില്‍ വിത്തിറക്കാനാവാതെ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍. ജില്ലയിലെത്തന്നെ അറിയപ്പെടുന്ന നെല്ലറയായ വെഞ്ചാലി, കൊടിഞ്ഞി, കുണ്ടൂര്‍, ചെറുമുക്ക്, മോര്യാകാപ്പ് പരിസരം തുടങ്ങിയവ വയലുകളിലാണ് ഈദുരവസ്ഥ. ഇത്തവണ മഴ കുറഞ്ഞതോടെ നേരെത്തെ തന്നെ പുഞ്ചക്കൃഷിയിറക്കി വെള്ളത്തിന് ക്ഷാമം തുടങ്ങുന്നതിന് മുന്‍പ് വിളവെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകര്‍. അതനുസരിച്ച് നിലങ്ങള്‍ പാകപ്പെടുത്തിയതുമായിരുന്നു. അതിനിടെയാണ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ കാര്‍ഷികവൃത്തി പാതിവഴിയില്‍ നിര്‍ത്തിവെയ്ക്കേണ്ടിവന്നു. പുതിയ നോട്ടുകള്‍തന്നെ വേണമെന്നാണ് ജോലിക്കാരുടെ ഭാഷ്യം. ചെക്കും സ്വീകരിക്കുന്നില്ല. പുലര്‍ച്ച മുതല്‍ ബാങ്കില്‍ വരിനില്‍ക്കാന്‍ ഒരാളെ കൂലിക്ക് വയ്ക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
ഇത്തവണ മഴകുറഞ്ഞതും പാറയില്‍ താല്‍ക്കാലിക തടയണ സ്ഥാപിക്കാന്‍ വൈകിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൃഷി വരള്‍ച്ചയെ നേരിടേണ്ടിവരും. ശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് കൃഷിനടത്താനുള്ള കര്‍ഷകരുടെ പ്രതീക്ഷക്കാണ് നോട്ടുനിരോധനം തിരിച്ചടിയായി മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."