കരിപ്പൂര്‍ വിമാനത്താവളം ഊര്‍ജ സംരക്ഷണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം
കൊണ്ടോട്ടി: വൈദ്യുതി ഉപയോഗം കുറച്ച് ഊര്‍ജസംരക്ഷണത്തിനു മാതൃക കാണിച്ച കരിപ്പൂര്‍ വിമാനത്താവളത്തിനു സംസ്ഥാന ഊര്‍ജസംരക്ഷണ വകുപ്പിന്റെ അംഗീകാരം. ഈ വര്‍ഷത്തെ ഊര്‍ജ സംരക്ഷണത്തിനുളള സംസ്ഥാന അവാര്‍ഡാണ് കരിപ്പൂര്‍ വിമാനത്താവളത്തെ തേടിയെത്തിയത്. 14ന് ഊര്‍ജദിനത്തില്‍ മന്ത്രി എം.എം മണി പുരസ്‌കാരം സമ്മാനിക്കും.
കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സി, സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നിവ സംയുക്തമായാണ് ഊര്‍ജ സംരക്ഷണം, ഇന്ധനക്ഷമത, കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്ന്. നെടുമ്പാശ്ശേരി വിമാനത്താവളം, കോട്ടക്കല്‍ ആര്യവൈദ്യശാല, മസ്‌ക്കറ്റ് ഹോട്ടല്‍ എന്നിവയെ പിന്തള്ളിയാണ് കരിപ്പൂര്‍ പുരസ്‌കാരം നേടിയത്.
കരിപ്പൂരില്‍ 750 കെ.വി ശേഷിയുളള സോളാര്‍ പവര്‍ പ്ലാന്റാണുള്ളത്. ഇവയിലൂടെ പ്രതിദിനം 25,000 രൂപയുടെ വൈദ്യുതിയാണ് ഉള്‍പാദിപ്പിക്കുന്നതെന്ന് അതോറിറ്റി അധികൃതര്‍ അവകാശപ്പെട്ടു. കൂടാതെ, ടെര്‍മിനലിനകത്ത് ഊര്‍ജക്ഷമതയുള്ള പുതിയ എയര്‍കണ്ടീഷനറുകളും പുതുതായി എല്‍.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചു. ആഭ്യന്തര ടെര്‍മിനലില്‍ സ്ഥാപിച്ചിരുന്ന പഴക്കംചെന്ന കണ്‍വെയര്‍ ബെല്‍റ്റ് പൂര്‍ണമായും മാറ്റി.
വരും വര്‍ഷങ്ങളിലും കരിപ്പൂരില്‍ വിവിധ ഊര്‍ജസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ പറഞ്ഞു. എന്‍ജിനിയറിങ് വിഭാഗം ജനറല്‍ മാനേജര്‍ എ.സി കണ്ണന്‍, ഇലക്ട്രിക്കല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ടി പ്രദീപ് എന്നിവരാണ് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."