അവഗണന 'മുന്‍ഗണന'യാകണം; ദാസനും ഭാര്യയും പാവമാണ്
ഫറോക്ക്: ഒറ്റമുറി ഷെഡില്‍ കഴിയുന്ന കാലിനു ശേഷിയില്ലാത്ത ഭര്‍ത്താവും ആമവാതത്താല്‍ തളര്‍ന്നു കിടക്കുന്ന ഭാര്യയുമടങ്ങുന്ന കുടുംബത്തെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നൊഴിവാക്കിയതായി പരാതി. പെരുമുഖം കള്ളിത്തൊടിയില്‍ കുഴിമ്പാട്ടില്‍ ദാസനെയാണ് സര്‍ക്കാര്‍ ജീവനക്കാരനാണെന്ന ഇല്ലാത്ത കാരണം പറഞ്ഞ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത്. വയോധികരായ ദാസനും ഭാര്യ ഗിരിജയും ചികിത്സയ്ക്ക് തന്നെ പരസഹായം തേടുന്നതിനിടയില്‍ റേഷന്‍ ആനുകൂല്യം മുടങ്ങിയത് ഇവരെ കൂടുതല്‍ ദുരിതത്തിലാക്കിയിട്ടുണ്ട്.
കുടുംബ കാര്‍ഡില്‍ നിന്നുമാറി 2011ലാണ് ദാസന്‍ പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നത്. എ.പി.എല്‍ കാര്‍ഡാണ് അന്ന് അനുവദിച്ചു കിട്ടിയത്. ദാരിദ്രരേഖയ്ക്കു താഴെയാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കിയപ്പോള്‍ പുതിയ കാര്‍ഡ് എ.പി.എല്‍ ആയിരിക്കുമെന്നും പിന്നീട് അതു മാറ്റാമെന്നുമാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ മറുപടി നല്‍കിയതെന്ന് ദാസന്‍ പറയുന്നു. പഞ്ചായത്തില്‍ നിന്ന് ദാരിദ്രരേഖയ്ക്കു താഴെയാണെന്ന് സീല്‍ വച്ചു നല്‍കിയതിനാല്‍ ആശുപത്രികളില്‍ ചികിത്സാ ഇളവുകള്‍ ലഭിക്കുമെന്നല്ലാതെ റേഷന്‍ സാധനങ്ങള്‍ക്ക് ബി.പി.എല്‍ ആനൂകൂല്യം ഈ കുടുംബത്തിനു ലഭിച്ചിട്ടില്ല. പുതിയ മുന്‍ഗണനാ ലിസ്റ്റില്‍ ഇവരുടെ പേര് ഉള്‍പ്പെട്ടതിനെ തുടര്‍ന്നു കാര്‍ഡില്‍ അടയാളപ്പെടുത്തുന്നതിനായി റേഷന്‍ കാര്‍ഡ് ഷോപ്പില്‍ നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച അരിയും ഗോതമ്പും വാങ്ങാന്‍ റേഷന്‍ കടയിലെത്തിയപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞു ഉടമ ഇവരെ മടക്കി അയച്ചു. ഇതേതുടര്‍ന്നു താലൂക്ക് പ്ലൈ ഓഫിസിലെത്തി അന്വേഷിച്ചപ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാരനായതിനാലാണ് ലിസ്റ്റില്‍ നിന്ന് പുറത്തായതെന്ന മറുപടി ലഭിച്ചത്. പരാതി നേരാവണ്ണം കേള്‍ക്കുന്നതിനോ രേഖകള്‍ പരിശോധിക്കുന്നതിനോ സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും 45 ശതമാനം വൈകല്യത്തിനു സര്‍ട്ടിഫിക്കറ്റുള്ള ദാസന്‍ കരഞ്ഞുകൊണ്ട് പറയുന്നു.
റോഡരികിലെ ഒന്നര സെന്റ് സ്ഥലത്ത് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ ഓടുമേഞ്ഞ ഒറ്റമുറി ഷെഡിലാണ് ദാസനും തളര്‍ന്നു കിടക്കുന്ന ഭാര്യയും കഴിയുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക കര്‍മങ്ങള്‍ നടത്തുന്നതുമെല്ലാം ഈ പൊളിഞ്ഞു വീഴാറായ ഷെഡ്ഡില്‍ തന്നെയാണ്. മുംബൈയില്‍ വസ്ത്രങ്ങള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന കമ്പനിയിലെ ടൈലറായിരുന്ന ദാസന്‍.
25 വര്‍ഷം മുന്‍പ് ബസിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ രണ്ടു കാലിനും ശേഷിക്കുറവുണ്ടായത്. ഇതിനു ശേഷം ജോലി ചെയ്യനാകാതെ പ്രയാസത്തിലായ കുടുംബം നാട്ടുകാരുടെ സഹായത്തോടെയാണ് ഉപജീവനം നടത്തുന്നത്. അഞ്ചുവര്‍ഷമായി അനങ്ങാന്‍ കഴിയാതെ കട്ടിലില്‍ കിടക്കുന്ന ഭാര്യയെ പരിചരിക്കുന്നതും ആഹാരമുണ്ടാക്കുന്നതുമെല്ലാം ദാസനാണ്. ഈ ദുരിതത്തിന് പരിഹാരം തേടി കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ദാസന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."