ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം കുറയും: ഇന്ത്യ പ്രതീക്ഷിക്കുന്ന ക്വാട്ട 1,36,020
കൊണ്ടോട്ടി:ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും സഊദി 20 ശതമാനം കുറവ് വരുത്തുന്നതോടെ ഇന്ത്യക്ക് പ്രതീക്ഷ 1,36,020 ഹജ്ജ് സീറ്റുകള്‍. മക്കയിലെ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. തിരക്ക് കുറക്കുന്നതിന്റെ ഭാഗമാണ് 20 ശതമാനം സീറ്റുകള്‍ കുറക്കുന്നത്. 2013 മുതലാണ് ഈ രീതി തുടങ്ങിയത്. ഹജ്ജ് ക്വാട്ടയായി ലഭിക്കുന്ന 1,36,020 സീറ്റുകളില്‍ 1,00.020 സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും ശേഷിക്കുന്ന 36,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും വീതിച്ചു നല്‍കും.
അപേക്ഷകരില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാരായ വര്‍ക്കും,70 വയസിന് മുകളിലുള്ളവര്‍ക്കും നറുക്കെടുപ്പ് കൂടാതെ അവസരം ലഭിക്കും. ഇത് കേരളത്തിലുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. കേരളത്തില്‍ ഇത്തവണ അഞ്ചാം വര്‍ഷക്കാരായി 9690 പേരാണുളളത്. ഇവര്‍ക്ക് മുഴുവന്‍ അസരം ലഭിക്കും. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ പേരുള്ളത് ഗുജറാത്തിലാണ്. കഴിഞ്ഞ തവണ നറുക്കെടുപ്പില്ലാതെ കേരളത്തില്‍ നിന്ന് നേരിട്ട് അവസരം ലഭിച്ചത് 9922 പേര്‍ക്കാണ്. അധിക ക്വാട്ടവഴി ആയിരത്തോളം പേര്‍ക്കും വഴിയൊരുങ്ങി.
ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചത് 4,05,187 പേരാണ്. എന്നാല്‍ ആകെ ലഭിച്ച ക്വാട്ട 98820 മാത്രമായിരുന്നു. 306367 അപേക്ഷകരാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഒരു ലക്ഷത്തിലധികം പേര്‍ ഇത്തവണ പുതിയ അപേക്ഷകരായും ഉണ്ടാകും. കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങള്‍ക്ക് അഞ്ച് തരത്തിലാണ് ക്വാട്ട വീതം വെക്കുക.
2011 മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ യഥാര്‍ഥ ക്വാട്ടയായി ലഭിക്കുന്ന സീറ്റുകളാണ് ആദ്യം ഓരോ സംസ്ഥാനങ്ങള്‍ക്കും വീതം വെക്കുക. പിന്നീട് സീറ്റുകള്‍ ക്വാട്ടയേക്കാള്‍ കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കും. ചെറിയ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 500 സീറ്റുകളും ജമ്മുകശ്മീര്‍, ലക്ഷദ്വീപ് എന്നിവക്ക് അധിക സീറ്റുകളും നല്‍കും. അധിക ക്വാട്ടക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സമ്മര്‍ദം ചെലുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."