ലോകം മനുഷ്യാവകാശ ലംഘകരുടെ തടവറയില്‍
ലോകമനസ്സാക്ഷിക്കു മുന്‍പില്‍ ഒരു ചലനം സൃഷ്ടിക്കാതെ പതിവുദിനാചരണ ചടങ്ങുകളിലൂടെ കടന്നുപോയി കഴിഞ്ഞ ദിവസം ആചരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. രാഷ്ട്ര നേതാക്കളും ഭരണാധിപന്‍മാരും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ എവിടെയാണ് മനുഷ്യന്റെ അവകാശം സംരക്ഷിക്കപ്പെടുക. ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകനായ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് യാതൊരു പോറലുമേല്‍ക്കാതെ തന്റെ അധികാരക്കസേരയില്‍ തുടരുന്നു. ലക്ഷക്കണക്കിന് സിറിയന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും കുരുതികൊടുത്ത, സ്വന്തം ജനതയെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ക്രൂരനായ ഭരണാധികാരിയെ തളയ്ക്കുവാന്‍ യു. എന്നിന് പോലും കഴിയുന്നില്ല. നൂറുകണക്കിന് സിറിയന്‍ പൗരന്‍മാരെ അലെപ്പോയില്‍ നിന്ന് കാണാതായെന്ന് യു. എന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. മനുഷ്യാവകാശ സംരക്ഷണത്തിന്റെ മാലാഖ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മര്‍ മനുഷ്യാവകാശ വിമോചന നേതാവ് ആങ്‌സാങ്‌സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണിപ്പോള്‍ മ്യാന്‍മര്‍ ഭരിക്കുന്നത്. സൂക്കി അധികാരത്തില്‍ വന്നിട്ടും സൈനികരാല്‍ റോഹിംഗ്യന്‍ മുസ്‌ലിം വംശഹത്യ നിര്‍ബാധം തുടരുന്നു. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫിഅന്നന്‍ റോഹിംഗ്യന്‍ ജനതക്കെതിരേ നടക്കുന്ന മനുഷ്യാവകാശ ലംഘനം നേരില്‍കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മ്യാന്‍മറില്‍ എത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. രണ്ട് മാസത്തിലധികമായി ഭക്ഷണവും കുടിവെള്ളവുമില്ലാതെ,സുരക്ഷിതത്വമില്ലാതെ കടുത്ത മഞ്ഞില്‍ മരവിച്ച് മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണ് യു.എന്‍ തന്നെ വിശേഷിപ്പിച്ച ലോകത്തെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ഈ ജനത. ഏറ്റവും കൂടുതല്‍ റോഹിംഗ്യന്‍ വംശഹത്യ നടക്കുന്ന റാഖിനെ സംസ്ഥാനം സൂക്കി സന്ദര്‍ശിക്കണമെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം അവരോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ഒരു വനിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴിലാണ് റോഹിംഗ്യന്‍ ജനത കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത് എന്നത് എന്തുമാത്രം വിരോധാഭാസമാണ്.
അധ്വാനിച്ചുണ്ടാക്കിയ പണം ജനങ്ങളുടെ അവകാശമാണ്. ആ പണമാണ് ഒരു രാത്രി ഇരുട്ടിവെളുക്കും മുന്‍പ് ഒറ്റയടിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ഇല്ലാതാക്കിയത്. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനത്തിനാണ് അദ്ദേഹം ഇവിടെ നേതൃത്വം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം അതിന്റെ അഗ്രകോടിയില്‍ എത്തിയിരിക്കുകയാണ്. ജനാധിപത്യ സംവിധാനമായ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ജനാധിപത്യത്തിന്റെ മൂടുപടമിട്ട് ഏകാധിപത്യ ഭരണാധികാരികളായി അവര്‍ മാറിക്കൊണ്ടിരിക്കുന്നു. പ്രൊഫഷനലുകളും അഭ്യസ്ത വിദ്യരുമായ മുസ്‌ലിം ചെറുപ്പക്കാരെ കുറ്റവാളികളെന്ന് മുദ്രകുത്തി വര്‍ഷങ്ങളോളം തടവറകളില്‍ തള്ളുന്നു. ചോദ്യം ചോദിക്കുന്നവരെ കേസുകളുടെ കൂമ്പാരം കൊണ്ട് മൂടുന്നു. ഭോപ്പാലില്‍ ജയില്‍ ചാടിയെന്നാരോപിച്ച് എട്ട് മുസ്്‌ലിം ചെറുപ്പക്കാരെ നിഷ്‌കരുണം വെടിവച്ചുകൊന്ന മധ്യപ്രദേശ് പൊലിസിന് പാരിതോഷികം നല്‍കാനാണ് അവിടത്തെ സര്‍ക്കാര്‍ മുന്നോട്ടുവന്നത്. കൊല്ലപ്പെട്ട എട്ടുപേരും വിചാരണ പൂര്‍ത്തിയാക്കി നിരപരാധിത്ത്വം തെളിയിച്ച് പുറത്തുവരാനിരിക്കെയാണ് ഈ കൂട്ടക്കൊല.
ലോകപ്രശസ്ത സര്‍വകലാശാലയായ ജെ.എന്‍.യുവില്‍ നിന്നും നജീബ് അഹമ്മദിനെ കാണാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. സര്‍വകലാശാലയിലെ എ.ബി.വി.പി വിദ്യാര്‍ഥികളുടെ മര്‍ദനത്തെ തുടര്‍ന്നാണ് ഈ വിദ്യാര്‍ഥിയെ കാണാതായത്. ഇതുവരെ ഈ യുവാവിനെ കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയും നല്‍കുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ ഘോഷയാത്രകളാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങളിലൂടെ വ്യക്തമാവുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായും ഭീകര പ്രവര്‍ത്തകരായും മുദ്രകുത്തി കൂട്ടക്കുരുതി നടത്തുമ്പോള്‍ പൊലിസിനെ അഭിനന്ദിക്കുന്ന ഭരണാധികാരികളാണ് ഇന്ത്യയിലിപ്പോള്‍. കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണവര്‍ നേതൃത്വം നല്‍കുന്നതെന്ന് അവര്‍ ഓര്‍ക്കുന്നില്ല. കേരളത്തിലും മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പതിനാലായിരം പരാതികളാണ് ഈ വര്‍ഷം മനുഷ്യാവകാശ കമ്മിഷന് ലഭിച്ചത്. രാഷ്ട്ര തലവന്‍മാര്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ചൂട്ടുപിടിക്കുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള കോടിക്കണക്കിന് മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ വനരോദനങ്ങളായി ഒടുങ്ങിക്കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."