ജീവിതക്കളരിയിലും പതറാതെ ഹേമലത ഗുരുക്കള്‍
കോഴിക്കോട്: ജീവിതക്കളരിയില്‍ വിധി തിരിഞ്ഞു കുത്തിയെങ്കിലും പയറ്റു തുടരാന്‍ തന്നെയായിരുന്നു ഹേമലതയുടെ തീരുമാനം. ബാലുശ്ശേരി മുക്കില്‍ ശ്രീശാസ്ത കളരിയിലെ ഗുരുക്കളാണ് ഹേമലതാ സുരേന്ദ്രന്‍. കളരി പഠിച്ച് സ്വയം പ്രതിരോധത്തിലൂടെ വനിതകള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കാമെന്ന് ഹേമലത പറയുന്നു.
പാരമ്പര്യ കളരിഗുരുക്കന്‍മാരുടെ കുടുംബത്തിലാണ് ഹേമലത ജനിച്ചത്. വടക്കന്‍ കളരിയുടെ ആചാര്യനായിരുന്ന കുറുമ്പൂട്ടി ചെക്കിണി ഗുരുക്കളാണ് ഹേമലതയുടെ വലിയച്ചന്‍. അച്ഛന്‍ താഴത്തറയില്‍ വേലായുധന്റെ കളരിത്തറകണ്ടാണ് അവള്‍ വളര്‍ന്നത്. ഭര്‍ത്താവ് പി. സുരേന്ദ്രനും കളരിയാശാനായിരുന്നു.
13 വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ പെട്ട് ഭര്‍ത്താവ് മരിച്ചു. അദ്ദേഹം നടത്തിയിരുന്ന കളരി ഇപ്പോഴും നിലനിര്‍ത്തുകയാണ് ഹേമലത. രണ്ടു മക്കളുണ്ട് ഇരുവരും കളരി പഠിച്ചവര്‍. വടക്കന്‍ പാരമ്പര്യമാണെങ്കിലും തെക്കനാണ് ശ്രീശാസ്തയില്‍ പഠിപ്പിക്കുന്നത്.
ഇപ്പോള്‍ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപേരാണ് കളരി പഠിക്കാനെത്തുന്നതെന്ന് ജില്ലയിലെ അപൂര്‍വം വനിതാ ഗുരുക്കന്‍മാരില്‍ ഒരാളായ ഇവര്‍ പറയുന്നു.
പുതിയ സാഹചര്യത്തില്‍ നമ്മുടെ നാടിന്റെ ആയോധന കലയായ കളരിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തണമെന്നാണ് ഹേമലത പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."