മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതഗ്രാമം അവാര്‍ഡ് നല്‍കും
തിരുവനന്തപുരം: ഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഹരിതഗ്രാമം അവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം, ഉറവിടമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയായിരിക്കും അവാര്‍ഡ് നല്‍കുക. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തണം. കോളജ്, ആശുപത്രി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഹരിത കാംപസായി മാറ്റാനുള്ള പ്രവര്‍ത്തനം വ്യാപകമാക്കണം. മറ്റൊരു പ്രധാനപ്പെട്ട മിഷനായ 'ലൈഫ് ' ഉടന്‍ ആരംഭിക്കും.
പ്രാരംഭ ഘട്ടമായി സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍, ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവരുടെ കണക്കുകള്‍ ശേഖരിക്കണം. ഇത്തരക്കാരില്‍ ഭവനസമുച്ചയം ആവശ്യമുള്ളവര്‍ക്ക് ഭൂമി ഉള്‍െപ്പടെ കണ്ടെത്താനുള്ള ശ്രമവും ജില്ലാഭണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."