വലിയപറമ്പില്‍ നിലക്കടല കൃഷി തിരിച്ചുവരുന്നു
തൃക്കരിപ്പൂര്‍: അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വലിയപറമ്പ കടലോരത്ത് വ്യാപകമായിരുന്ന നിലക്കടല കൃഷി തിരിച്ചുവരുന്നു. ഒരു കാലത്ത് നിലക്കടലയും നെല്‍ കൃഷിയും വ്യാപകമായിരുന്നു വലിയപറമ്പ ദ്വീപിലാണ് കൃഷി പുനരാരംഭിക്കുന്നത്. രണ്ടുവിള നെല്‍കൃഷി കഴിഞ്ഞാല്‍ പാടത്ത് നിലക്കടല കൃഷിയാണ് ഇവിടെ ചെയ്തിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വലിയപറമ്പിലെ നിലക്കടലയും കവ്വായിക്കായലില്‍ നിന്നുള്ള മത്സ്യങ്ങളും തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മറ്റുദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. കാലക്രമേണ കര്‍ഷകര്‍ തെങ്ങ് കൃഷിയിലേക്ക് മാറിയതോടെ തീരദേശം കേരത്തിന്റെ ദ്വീപായി മാറി. നിലവില്‍ വ്യാപകമായി മഞ്ഞള്‍ കൃഷിയും ചെയ്തുവരുന്നു.
13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ പത്ത് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട്. മഞ്ഞള്‍, നിലക്കടല, ചേന എന്നിവയ്ക്ക് പാകമായ മണ്ണാണ് ദ്വീപിലുള്ളതെന്ന് വലിയപറമ്പില്‍ കൃഷി അസിസ്റ്റാന്റായിരുന്ന പവിത്രന്‍ പറയുന്നു. അടുത്ത വര്‍ഷം ഇവിടെ മഞ്ഞള്‍ കൃഷി വ്യാപകമാക്കി മഞ്ഞള്‍ പൊടി നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
കൃഷി പഞ്ചായത്തിലെ കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിപ്പിച്ച് വിഷ രഹിതമായ പച്ചക്കറി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമവും ഇതിന്റെ പ്രായോഗിക വശവും പഠിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് ആറുലക്ഷം രൂപ ചെലവഴിച്ച് മിക്ക വീടുകളിലും ഗ്രോബാഗ് നല്‍കിയതായും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."