കച്ചേരിക്കടവില്‍ ഷട്ടര്‍ കം ബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തം
നീലേശ്വരം: നഗരസഭയിലെ ഒന്ന്, 31 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ചു കച്ചേരിക്കടവില്‍ ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നീലേശ്വരം പുഴയ്ക്കു കുറുകെ ദേശീയപാതയില്‍ റോഡുപാലം വരുന്നതു വരെ നഗരവുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നതു കച്ചേരിക്കടവിനെയായിരുന്നു. ഇവിടെ ഷട്ടര്‍ കം ബ്രിഡ്ജ് സ്ഥാപിച്ചാല്‍ നഗരത്തിലെ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളില്‍ ആവശ്യത്തിനു വെള്ളമെത്തിക്കാന്‍ കഴിയും.
സമീപ പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ഇതു ഉപകരിക്കും. ജലസേചന സൗകര്യം മെച്ചപ്പെടുമെന്നതാണു ഇതിനു കാരണം. മുന്‍കാലങ്ങളില്‍ നഗരവുമായി ബന്ധപ്പെടാനും ചരക്കു നീക്കത്തിനും കച്ചേരിക്കടവിലെ വള്ളങ്ങളേയും ചങ്ങാടങ്ങളെയുമാണു ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. നീലേശ്വരം ആഴ്ച ചന്തയിലേക്കു ദൂരസ്ഥലങ്ങളില്‍ നിന്നുപോലും സാധനങ്ങള്‍ എത്തിച്ചിരുന്നതു ഈ കടവുവഴിയാണ്. ദേശീയപാതയില്‍ പാലം വന്നതോടെയാണു ഈ കടവ് വിസ്മൃതിയിലായത്. മുന്‍പ് ഇവിടെ ഒരു റോഡു പാലത്തിന്റെ നിര്‍ദേശമുണ്ടായിരുന്നതുമാണ്. നിലവില്‍ നീലേശ്വരം പാലം അപകടാവസ്ഥയിലായതും കച്ചേരിക്കടവില്‍ പാലമെന്ന ആവശ്യത്തിനു ശക്തികൂട്ടി. ഇവിടെ ഷട്ടര്‍ കം ബ്രിഡ്ജ് പണിതാല്‍ നീലേശ്വരം പാലം പുതുക്കി പണിയുമ്പോള്‍ അപ്രോച്ച് റോഡായും ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ബസാര്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇതു സഹായകമാകും. ഇന്നു നടക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയവും ചര്‍ച്ചയ്ക്കു വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."