കുപ്പികള്‍ പെറുക്കാന്‍ കുട്ടികള്‍ ഇപ്പോഴും തെരുവില്‍: വിദ്യാഭ്യാസ അവകാശ നിയമം എന്ന് നടപ്പിലാകും
ചെറുവത്തൂര്‍: ആറുമുതല്‍ പതിനാലു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവകാശമാണെന്നിരിക്കെ അക്ഷരമുറ്റം അന്യമായി നിരവധി കുരുന്നുകള്‍ തെരുവില്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന നിരവധി കുട്ടികളാണ് ഇപ്പോഴും തെരുവില്‍ തൊഴിലെടുക്കുന്നത്. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കാലിക്കടവില്‍ പത്തിലധികം കുട്ടിത്തൊഴിലാളികളെ പതിവായി കാണാം. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരിന് സമീപത്താണ് ഇവരുടെ താമസം. വലിയ സൈക്കിള്‍ വണ്ടികളുമായി കുപ്പികള്‍ പെറുക്കാന്‍ അതിരാവിലെ തന്നെ കുട്ടികള്‍ തെരുവിലേക്കിറങ്ങുന്നു. കൂടുതലും പത്ത് വയസിനും പതിനാലു വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. വൈകുന്നെരമാകുമ്പോഴേക്കും കുപ്പികള്‍ നിറച്ച സൈക്കിള്‍ വണ്ടികളുമായി മടങ്ങും. പേരോ വീടോ ചോദിച്ചാല്‍ കുട്ടികള്‍ പ്രതികരിക്കാറില്ല. ഇതുവരെ വിദ്യാലയമുറ്റത്ത് എത്താത്തവരാണ് ഇവരില്‍ കൂടുതല്‍ പേരും. 2009 ലാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിദ്യാഭ്യാസ അവകാശ നിയമം പാസായത്. 2010 ഏപ്രില്‍ ഒന്നിന് ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ ആറുവര്‍ഷം പിന്നിടുമ്പോഴും നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ കാഴ്ചകള്‍ തെളിയിക്കുന്നത്. കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുക എന്നത് ബന്ധപ്പെട്ട സര്‍ക്കാറുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരുടെ ചുമതലയാണെന്നിരിക്കെയാണ് വിദ്യാഭ്യാസം അവകാശമാകേണ്ട പാവം കുട്ടികള്‍ തെരുവുകളില്‍ തൊഴിലെടുക്കേണ്ടി വരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."