പരിണാമത്തിന്റെ ആശയക്കുഴപ്പങ്ങള്‍ക്ക് ഉത്തരംതേടി അഖിന്‍ കോമാച്ചി
കോഴിക്കോട്: മനുഷ്യപരിണാമത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഉത്തരം തേടുകയാണ് അഖിന്‍ കോമാച്ചി. മനുഷ്യന്‍ കുരങ്ങിലൂടെയാണ് പരിണമിച്ചതെങ്കില്‍ ശാസ്ത്രത്തിന്റെ ശരിതെറ്റുകള്‍ കാമറക്കണ്ണിലൂടെ അന്വേഷിക്കുകയാണ് പ്ലസ്ടുക്കാരനായ ഈ വിദ്യാര്‍ഥി.
അഖിന്‍ പകര്‍ത്തിയ കുരങ്ങുകളുടെ വ്യത്യസ്ത ഭാവങ്ങളാണ് കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. യാത്രകളില്‍ താന്‍ എടുത്ത ചിത്രങ്ങള്‍ തരംതിരിച്ചപ്പോഴാണ് ചിത്രങ്ങള്‍ കൂടുതലായും കുരങ്ങുകളാണെന്ന് മനസിലാക്കുന്നത്. ഈ ചിത്രങ്ങളുമായി ഇടപഴകിയപ്പോള്‍ ഇവയെ കുറിച്ച് പഠിക്കാന്‍ തീരുമാനിക്കുകയും പരിണാമം മനസില്‍ തീര്‍ത്ത ആശയക്കുഴപ്പങ്ങളും ഉയര്‍ന്നു വരികയായിരുന്നു. പിന്നീടാണ് മനുഷ്യനുമായി കൂടുതല്‍ സാമ്യമുള്ളതും വ്യത്യസ്ത ഭാവപ്രകടനങ്ങളുമുള്ള ചിത്രങ്ങള്‍ എടുത്തു തുടങ്ങിയതെന്നും അഖിന്‍ പറയുന്നു. മനുഷ്യനെ പോലെ ചിരിക്കുന്നവ, കോട്ടുവായിടുന്നവ, കൈമുഷ്ടികള്‍ ചുരുട്ടിപ്പിടിച്ചവ, കുഞ്ഞിനെ ലാളിക്കുന്നവ തുടങ്ങി മനുഷ്യനെയും കുരങ്ങിനെയും ബന്ധപ്പെടുത്തുന്ന 50 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ലോകത്തിലെ 356 ഇനം കുരങ്ങുവര്‍ഗങ്ങളില്‍ 13 വിഭാഗം ഇന്ത്യയില്‍ കണ്ടുവരുന്നു. ബന്ദിപൂര്‍, കബനി, മൈസൂര്‍, നാഗര്‍ഹോള, ഹൈദരാബാദ്, തമിഴ്‌നാട്, അട്ടപ്പാടി, സൈലന്റ് വാലി, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പകര്‍ത്തിയ ഒന്‍പത് വിഭാഗം കുരങ്ങുകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പിതാവ് അജീബ് കോമാച്ചിയുടെ പാതയിലൂടെ ഫോട്ടോഗ്രഫി കൂടുതലായി പഠിക്കാനും സാമൂഹ്യപ്രവര്‍ത്തന മേഖലയിലേക്ക് ചുവടുവയ്ക്കുക എന്നതുമാണ് അഖിന്റെ ആഗ്രഹങ്ങള്‍. ഫറോക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
ഫോട്ടോ പ്രദര്‍ശനം വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ നസീര്‍ ഉദ്ഘാടനം ചെയ്തു. ചിത്രപ്രദര്‍ശനം 26 വരെ നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."