കായംകുളം നഗരസഭാ ചെയര്‍മാനെതിരേ സി.പി.ഐ രംഗത്ത്
കായംകുളം: നഗരസഭാ ചെയര്‍മാനെതിരെ സി.പി.ഐ മുഖ്യമന്ത്രിയ്ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്കി.
കഴിഞ്ഞ ദിവസം നഗരസഭാ ഭരണ നേതൃത്വത്തിലുള്ളവര്‍ക്കായി വാഗമണ്ണില്‍ നടത്തിയ ശില്പശാലയില് പങ്കെടുക്കാന്‍ പോയ വൈസ് ചെയര്‍പേഴ്സനെ കൂട്ടാതെ ചെയര്മാന് മടങ്ങിയെന്നാണ് പരാതി. നഗരസഭാ ചെയര്മാന് എന്‍.ശിവദാസനെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡിസംബര്‍ 10, 11 തീയതികളില്‍ നഗരസഭാ ചെയര്മാന്, വൈസ് ചെയര്മാന് എന്നിവര്‍ക്കായി ചെയര്മാന് ചെംബറിന്റെ നേതൃത്വത്തിലായിരുന്നു ശില്പശാല. ഇതില്‍ പങ്കെടുക്കാന്‍ ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തിലാണ് വൈസ് ചെയര്‍പേഴ്സണ്‍ ആര്.ഗിരിജയും പോയത്. ആദ്യദിവസം രണ്ടുപേരും ശില്പശാലയില് പങ്കെടുത്തെങ്കിലും രണ്ടാം ദിവസം ശില്പശാലയില് പങ്കെടുക്കാതെ ചെയര്മാന് മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് മറ്റൊരു നഗരസഭാ ചെയര്‍പേഴ്സന്റെ കാറിലാണ് രാത്രിയില്‍ ഗിരിജ കായംകുളത്തെത്തിയത്.
പിന്നീട് ഇവര്‍ സി.പി.ഐ നേതൃത്തെ പരാതി അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന സി.പി.ഐ മണ്ഡലം കമ്മിറ്റി ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ചതായി സെക്രട്ടറി എ.എ.റഹീം പറഞ്ഞു. എന്നാല്‍ വൈസ്ചെയര്പേഴ്സനെ കരുനാഗപ്പള്ളി നഗരസഭാ ചെയ്പേഴ്സന്റെ കാറില്‍ തിരികെ കൊണ്ടുപോകാന്‍ ക്രമീകരണം ചെയ്തിരുന്നതായി ചെയര്മാന് എന്‍.ശിവദാസന്‍ പറഞ്ഞു.
സി.പി.ഐ നേതാവ് ഷിജിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ എന്ന് ആരോപിക്കുന്ന ചിലര്‍ വാഗമണ്ണില്‍ എത്തുകയും ശില്പശാലയില് പങ്കെടുക്കാതെ ചെയര്മാന് ഇവരുമായി ഒരുമിച്ച് കൂടി ഉല്ലാസയാത്രകള്‍ നടത്തുകയും ചെയ്തതായിട്ടാണ് സി.പി.ഐ ആരോപിക്കുന്നത്.ശില്പശാലയില് പങ്കെടുക്കാതെയുള്ള ചെയര്‍മാന്റെ ഈ നടപടി ഗൗരവമായി കണ്ട് അന്വേഷിച്ച് നടപടി എടുക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി എല്‍.ഡി.എഫ് നടത്തുന്ന പരിപാടികളില്‍ നിന്ന് സി.പി.ഐ വിട്ടുനില്ക്കുകയാണ.്ചെയര്മാനെതിരെ സി.പി.എം ജില്ലാകമ്മിറ്റിക്ക് സി.പി.ഐ പരാതിനല്‍കിയിട്ടും യാതൊരു നടപടിയും കൈകൊള്ളുകയോ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. അതിനാലാണ് സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്കാന് തീരുമാനിച്ചതെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എ.എ.റഹിം പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ നഗരസഭാ ഭരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.ഐ ഗൗരവമായി ആലോചിക്കുകയാണെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."