ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും
വൈക്കം: ഗാനരചനയുടെ സുവര്‍ണജൂബിലി പിന്നിട്ട ശ്രീകുമാരന്‍ തമ്പിയെയും സംഗീതചക്രവര്‍ത്തി എം.കെ അര്‍ജ്ജുനന്‍ മാസ്റ്ററെയും വൈക്കം പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിക്കും. യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് സത്യഗ്രഹ സ്മാരകഹാളില്‍ നടക്കുന്ന അനുമോദന സമ്മേളനം 'പൗര്‍ണമിചന്ദ്രിക' ഗാനരചയിതാവ് എസ്.രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ കെ.എസ് മംഗലം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍ ഇരുവരെയും ആദരിക്കും.
സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തും. പിന്നണി ഗായകരായ ദേവാനന്ദ്, വൈക്കം വിജയലക്ഷ്മി, വൈക്കം ഹരികൃഷ്ണന്‍, ഗിരീഷ് വര്‍മ, ഉദയ് രാമചന്ദ്രന്‍ എന്നിവര്‍ ശ്രീകുമാരന്‍ തമ്പി-എം.കെ അര്‍ജ്ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ ആലപിക്കും. വൈക്കം വിജയന്‍ പുല്ലാങ്കുഴല്‍ വായിക്കും. അനുശ്രീ ആര്‍.നായര്‍ കവിത ആലപ്പിക്കും.
തുടര്‍ന്ന് ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങള്‍ എന്നപേരില്‍ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതസായാഹ്‌നവും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."