കേരളത്തിലെ സംഘര്‍ഷം:ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. കേരളത്തിലെ അക്രമസംഭവങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധിസംഘം രാഷ്ട്രപതിയെ കണ്ടത്. കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന ആരോപണമുയര്‍ത്തി അധികാരമേല്‍ക്കുംമുമ്പുതന്നെ പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കമാണ് ബി.ജെ.പിയുടേത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് അക്രമസംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
കേരളത്തിലെ സാഹര്യങ്ങള്‍ അത്യന്തം രൂക്ഷമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരേ ആക്രമണമഴിച്ചുവിടുകയാണെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും ബി.ജെ.പി രാഷ്ര്ടപതിയെ ധരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, ജെ.പി നദ്ദ, രാജീവ് പ്രതാപ് റൂഡി, മീനാക്ഷി ലേഖി, എം.ജെ അക്ബര്‍ എന്നിവരുള്‍പ്പെട്ട ഏഴംഗ പ്രതിനിധിസംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. 16നു വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ആരംഭിച്ച അക്രമസംഭവങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രൂക്ഷമായിട്ടുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ തൃശൂര്‍ ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദ്(38)നെ കട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയതും നിവേദനത്തില്‍ എടുത്തുപറയുന്നുണ്ട്.
സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് പ്രതിനിധിസംഘത്തിന് രാഷ്ട്രപതി ഉറപ്പുനല്‍കിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മാധ്യമങ്ങളെ അറിയിച്ചു. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ പൊലിസ് നിഷ്‌ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന സി.പി.എം നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. സി.പി.എം അക്രമങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."