സിവില്‍സ്റ്റേഷന്‍ പരിസ്ഥിതി സൗഹൃദമാകുന്നു
പാലക്കാട്: സിവില്‍ സ്റ്റേഷനകത്ത് പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ മാലിന്യമുക്തമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍, കവറുകള്‍ എന്നിവ സിവില്‍ സ്റ്റേഷനകത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഉച്ചയൂണ് പൊതിഞ്ഞ് കൊണ്ടു വരുന്നതിനും യോഗങ്ങള്‍ക്ക് ചായ വിതരണത്തിനും ബദല്‍ സംവിധാനം അതത് വകുപ്പ് കണ്ടെത്തും. സിവില്‍ സ്റ്റേഷന്‍ ഹരിതാഭമാക്കാനും പൊതുജന സൗഹൃദമാക്കാനും ഓഫിസുകളോടനുബന്ധിച്ച് ചെടികള്‍ വളര്‍ത്തുന്നതിന് കൃഷി വകുപ്പ് ആവശ്യമായ സൗകര്യമൊരുക്കും.
സിവില്‍ സ്റ്റേഷനകത്ത് പൊതുജനങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ നല്‍കുന്ന നടപടി പുരോഗമിക്കുന്നുണ്ട്. ഗോവണിച്ചുവടുകളും വരാന്തകളും പൊതുസ്ഥലങ്ങളായി കണക്കാക്കാതെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് ഈ പ്രദേശങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ടാവും. പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ക്ക് പരിധി നിശ്ചയിച്ച് നല്‍കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്തി.
ഓഫിസ് അറ്റകുറ്റപ്പണികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് തുക അനുവദിക്കുന്നതിനായി അപേക്ഷ നല്‍കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്റെ ടെറസിലും വരാന്തകളിലും ഫര്‍ണിച്ചറും മറ്റ് സാമഗ്രികളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനകത്ത് ജീവനക്കാര്‍ നെയിം ബാഡ്ജുകള്‍ ധരിക്കണമെന്നും ഇതിനായി ഓഫീസ് മേധാവികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ചേംബറിലും കലക്ടറേറ്റ് സമ്മേളനഹാളിലും യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും ബാഡ്ജ് ധരിക്കണം. വൈകീട്ട് ഏഴിന് കലക്ടറേറ്റിന് അകത്തേയ്ക്കുള്ള എല്ലാ ഗേറ്റുകളും അടയ്ക്കും. പുറത്തേയ്ക്ക് പോകുന്നവര്‍ക്ക് മുന്‍വശത്തെ ചെറിയ ഗേറ്റ് വഴി പോകാം. രാത്രി കാലത്ത് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. ബള്‍ബും ബക്കറ്റുകളുമടക്കമുള്ള സാധനങ്ങള്‍ മോഷണം പോകുന്നത് നിരീക്ഷിക്കും. ഓരോ ഓഫിസുകള്‍ക്കും പ്രത്യേക വൈദ്യുതി മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്.
ഭിന്നഷേശിയുള്ളവരുടെ സൗകര്യാര്‍ഥം കലക്ടറേറ്റിലെ തപാല്‍ സെക്ഷനിലേയ്ക്കും മറ്റ് ബ്ലോക്കുകളില്‍ താഴത്തെ നിലയിലേയ്ക്കും പടവുകളോടനുബന്ധിച്ച് റാംപ് സ്ഥാപിക്കും. ഓരോ ഓഫീസിലും ഉപയോഗശുന്യമായി കിടക്കുന്ന സാധനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."