സുപ്രിംകോടതി വിധി: മാഹിയിലെ 34 മദ്യഷാപ്പുകള്‍ക്ക് പൂട്ടുവീഴും
മാഹി: സുപ്രിംകോടതി വിധി നടപ്പിലാക്കുന്നതോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ദേശീയപാതയോരത്തുള്ള 34 മദ്യഷാപ്പുകള്‍ക്ക് പൂട്ടുവീഴും. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ഇടുങ്ങിയ ദേശീയപാതയ്ക്കിരുവശത്തുമാണു മാഹിയിലെ പ്രധാന മദ്യവില്പനശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതോടെ ഇന്ത്യയില്‍ തന്നെ ഒരുനഗരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യഷോപ്പുകള്‍ക്കു താഴുവീഴുന്ന നഗരമായി മാഹി മാറും.
മാസങ്ങള്‍ക്കു മുമ്പ് പല മദ്യക്കച്ചവടക്കാരും പുതിയ ഷോപ്പുകള്‍ തുടങ്ങാനായി പന്തക്കല്‍, പള്ളൂര്‍ ഭാഗങ്ങളില്‍ സഥലമെടുത്തെങ്കിലും പ്രദേശത്തെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നു പിന്‍വാങ്ങുകയായിരുന്നു. കേരളത്തിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കു മദ്യം ലഭിക്കുന്ന ഇവിടേക്ക് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് ധാരാളം പേര്‍ മദ്യപിക്കാനായി എത്തുന്നുണ്ട്.
നടപ്പാതയിലൂടെ മദ്യപിച്ച് പോകുന്ന യാത്രക്കാര്‍ റോഡില്‍ വീണ് അപകടമുണ്ടാകുന്നതു മാഹിയിലെ സ്ഥിരംകാഴ്ചയാണ്. മാഹിയിലെ മദ്യവില്‍പന വഴി പുതുച്ചേരി സര്‍ക്കാരിനു നികുതിയിനത്തില്‍ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയാണു ലഭിക്കുന്നത്.
കേരളത്തില്‍ ബാറുകള്‍ നിരോധിച്ചപ്പോള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നു മാഹിയിലേക്കു മദ്യപരുടെ ഒഴുക്കായിരുന്നു. മാഹിയിലെ ഏറ്റവും വലിയ ബിസിനസും മദ്യവ്യാപാരം തന്നെ. ഉത്തരവ് നിലവില്‍ വരുന്നതോടെ മദ്യശാലകളുടെ പരസ്യബോര്‍ഡും ദേശീയപാതയില്‍ നിന്നു മാറ്റേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."