ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ഇന്നു മുതല്‍
ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തിനു ഇന്നു ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാകും. വര്‍ധ ചുഴലിക്കാറ്റടിച്ച് സ്റ്റേഡിയത്തില്‍ തടസ്സങ്ങളുണ്ടായെങ്കിലും പിച്ചിനെ അതു ബാധിച്ചിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.
അഞ്ചു ടെസ്റ്റുകളുടെ പരമ്പര 3-0ത്തിനു ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. വിരാട് കോഹ്ലിയുടെ നായകത്വത്തിനു കീഴില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായ അഞ്ചു ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കി മികച്ച ഫോമിലാണ് ഇന്ത്യന്‍ സംഘം. 1985 മുതല്‍ 87 വരെ തുടര്‍ച്ചയായി തോല്‍വിയറിയാതെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നിലവിലെ ടീമിനു സാധിച്ചിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ വിജയത്തോടെയാണ് കോഹ്ലിയും സംഘവും നേട്ടത്തിനൊപ്പമെത്തിയത്. ഇന്നു തുടങ്ങുന്ന മത്സരം വിജയിക്കുകയോ സമനിലയില്‍ ആകുകയോ ചെയ്താല്‍ ആ റെക്കോര്‍ഡ് നിലവിലെ ടീമിന്റെ പേരിലാകും.
പരമ്പര സ്വന്തമാക്കിയതിനാല്‍ അധികം സമ്മര്‍ദങ്ങളില്ലാതെ ഇന്ത്യക്ക് കളിക്കാന്‍ സാധിക്കും. അതേസമയം ഇംഗ്ലണ്ടാകട്ടെ മുഖം രക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരമ്പരയിലുടനീളം ഇന്ത്യ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതത്വം നിലനിര്‍ത്തുന്നു. നിലവിലെ ഇംഗ്ലണ്ട് സംഘം അവരുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ കഴിവുള്ള ടീം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും ആദ്യ ടെസ്റ്റിലൊഴിച്ച് ഇംഗ്ലീഷ് നിരയ്ക്ക് കാര്യങ്ങള്‍ ട്രാക്കിലാക്കാന്‍ സാധിച്ചിട്ടില്ല.
പരമ്പര നേടിയതിനാല്‍ രണ്ടു ടെസ്റ്റുകളില്‍ അവസരം ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന കര്‍ണാടക ബാറ്റ്സ്മാന് കരുണ്‍ നായര്‍ക്ക് പകരം മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചേക്കും. അജിന്‍ക്യ രഹാനെയ്ക്ക് പകരമാണ് കഴിഞ്ഞ ടെസ്റ്റിനു മുന്‍പ് മനീഷ് ടീമിലെത്തിയത്. പരുക്കു മാറി തിരിച്ചെത്തിയ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കും അവസരം നല്കാന് സാധ്യതയുണ്ട്. ഭുവനേശ്വര്‍ കുമാറിനു പകരമാവും ഇഷാന്തിനെ ഉള്‍പ്പെടുത്തുക. വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാതെ ഇറങ്ങുന്ന ഇംഗ്ലണ്ട് ചെന്നൈയിലെ സ്പിന്നിനനുകൂലമായ പിച്ച് മുന്നില്‍ കണ്ട് പുതുമുഖ താരം ലിയാം ഡേവ്സണിനു അവസരം നല്‍കിയേക്കും. ബാറ്റിങ് ഓര്‍ഡറില്‍ മോയിന്‍ അലി, ജോസ് ബട്ലര് എന്നിവരുടെ സ്ഥാനങ്ങള്‍ പരസ്പരം മാറ്റാനും സാധ്യതയുണ്ട്. പരുക്കേറ്റ് പുറത്തായ പേസര്‍ ജെയിംസ് ആന്‍ഡേഴ്സനു പകരം സ്റ്റുവര്‍ട് ബോര്‍ഡോ, ക്രിസ് വോക്സോ ഇടംപിടിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."