കരിങ്ങാട് കാട്ടനാക്കൂട്ടമിറങ്ങിയ സംഭവം: സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞു
തൊട്ടില്‍പ്പാലം: കാട്ടാനകള്‍ തകര്‍ത്ത കൃഷിഭൂമികള്‍ സന്ദര്‍ശിക്കാനെത്തിയ വനപാലകരടക്കമുള്ള ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്ടെ പത്തേക്കറില്‍ ആണ് കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും കാട്ടാനകള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയത്. മണിക്കൂറുകള്‍ നീണ്ടണ്ട വിവരശേഖരണത്തിനൊടുവിലും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് ഒരുറപ്പും നല്‍കാതെ മടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ രോഷാകുലരാവുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഉദ്യോഗസ്ഥരെ പോകാനനുവദിക്കില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ച് ഉച്ചയ്ക്ക് മുതല്‍ ആരംഭിച്ച സമരം വടകര തഹ്‌സില്‍ദാര്‍ എത്തി അടിയന്തിര നടപടികള്‍ ഉണ്ടണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ (ഡി.എഫ്.ഒ) ഇന്ന് കാവിലുംപാറയില്‍ എത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുമെന്നും തഹ്‌സില്‍ദാര്‍ ഉറപ്പ് നല്‍കി. കര്‍ഷസംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് എന്നിവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കൃഷിഭൂമിയില്‍ ജോലിചെയ്യുകയായിരുന്ന നാലോളം കര്‍ഷകര്‍ക്ക് നേരെ കാട്ടാനകള്‍ അക്രമത്തിനൊരുങ്ങിയിരുന്നു. കര്‍ഷകര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടിലേക്കിറങ്ങുന്ന കാട്ടാനകള്‍ വന്‍കൃഷിനാശവും ജനങ്ങളുടെ ജീവന് ഭീഷണിയും മുഴക്കുന്ന സ്ഥിതി വര്‍ഷങ്ങളായി തുടര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."