അമേരിക്കന്‍ തെരഞ്ഞെടുപ്പ്: റഷ്യ അട്ടിമറിച്ചെങ്കില്‍ തിരിച്ചടിക്കുമെന്ന് ഒബാമ
വാഷിംഗടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ചാനല്‍ വാര്‍ത്തയില്‍ റഷ്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ബറാക്ക് ഒബാമ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് റഷ്യയ്ക്ക് ഒബാമ മുന്നറിയിപ്പു നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളദ്മീര്‍ പുടിനോട് ഇക്കാര്യങ്ങള്‍ നേരത്തേ സംസാരിച്ചിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഏതു വിദേശ ശക്തി ശ്രമിച്ചാലും അവര്‍ക്കെതിരേ തിരിച്ചടിക്കുമെന്നും ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി സി.ഐ.എ ഉദ്യോഗസ്ഥരാണ് രംഗത്തുവന്നിരുന്നത്. അമേരിക്കന്‍ ചാനലായ എന്‍.ബി.സിയോടാണ് പേരു വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തുവിട്ടത്തിനു പിന്നില്‍ പുടിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഹിലരി ക്ലിന്റനോടുള്ള പ്രതികാരമായാണ് റഷ്യ ഇത്തരം നീക്കം നടത്തിയതെന്നും എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ അഴിമതി പുറത്തുകൊണ്ടുവന്ന് ലോകതലത്തില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുകയായിരുന്നു റഷ്യന്‍ പദ്ധതി.
ട്രംപിന്റെ വിജയത്തിന് ആവശ്യമായ സഹായങ്ങള്‍ റഷ്യ നല്‍കിയെന്ന് സി.ഐ.എ വിശ്വസിക്കുന്നതായി, പേര് വെളിപ്പെടുത്താത്ത രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."