പരിയാരം മെഡിക്കല്‍ കോളജ് ആദ്യസംഘം ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് ആര്‍.സി.സി മോഡല്‍ സ്വയംഭരണ സ്ഥാപനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണവും യോഗ്യതകളും പരിശോധിക്കുന്ന സംഘം ഇന്നലെ രാവിലെ മെഡിക്കല്‍ കോളജിലെത്തി. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. അധ്യാപകരുടെ യോഗ്യതയും മറ്റു സൗകര്യങ്ങളും പരിശോധിക്കാനെത്തിയ മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാംദിവസവും പരിശോധന തുടര്‍ന്നു.
എട്ടോളം മെഡിക്കല്‍ അധ്യാപകര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യത ഇല്ലെന്നു വിദഗ്ദ്ധ സമിതി പ്രാഥമികമായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. മറ്റു തസ്തികകളില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ആദ്യ സംഘം ഇന്നു തന്നെ റിപ്പോര്‍ട്ട് സര്‍ക്കാറിനു കൈമാറുമെന്ന് സംഘത്തലവന്‍ ഡോ. കെ മോഹനന്‍ പറഞ്ഞു. ആദ്യ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തായതിനാല്‍ ഇന്നലെ നടന്ന പരിശോധനകളില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അനുവദിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."