സുപ്രീം കോടതി വിധി: നീലേശ്വരത്തെ ബീവറേജ് ഔട്ട്‌ലറ്റിനു താഴുവീഴും
നീലേശ്വരം: രാജ്യവ്യാപകമായി ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ മാര്‍ച്ച് 31 നകം അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരം മാര്‍ക്കറ്റിലെ ബീവറേജ് ഔട്ട്‌ലറ്റിനും താഴുവീഴും. ജില്ലയില്‍ ദേശീയപാതയോരത്തുള്ള ഏക ബിവറേജ് ഔട്ട്‌ലറ്റാണിത്.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാണു കോടതി ഉത്തരവ്. പാതയോരങ്ങളിലെ മദ്യശാലകള്‍ കേന്ദ്രീകരിച്ചുള്ള മദ്യവില്‍പന അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നടപടി. കൂടാതെ ഇതു യാത്രക്കാര്‍ക്കു അസ്വസ്ഥത സൃഷ്ടിക്കുന്നതായും കോടതി നിരീക്ഷിച്ചു.
മുന്‍പ് ജില്ലയില്‍ പിലിക്കോട് പടുവളത്തും ദേശീയപാതയ്ക്കരികില്‍ ബീവറേജ് ഔട്ട്‌ലറ്റുണ്ടായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാര്‍ ഇതു അടച്ചുപൂട്ടിയത്. നീലേശ്വരത്തേതും അടച്ചു പൂട്ടുന്നതോടെ ജില്ലയില്‍ ദേശീയപാതയോരത്തു ബീവറേജ് കേന്ദ്രങ്ങളില്ലാതാകും. അതേസമയം ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിരവധി മദ്യഷോപ്പുകള്‍ ഉണ്ട്. ഇവകൂടി അടച്ചുപൂട്ടിയാല്‍ മാത്രമേ കോടതി ഉത്തരവു പൂര്‍ണമായി നടപ്പിലാക്കാനാകൂ.
ചെറുവത്തൂര്‍ ഞാണങ്കൈയിലെ ജെ.കെ ബാര്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജെ.കെ ബാര്‍, അണങ്കൂരിലെ ഹൈവേകാസ്റ്റില്‍ തുടങ്ങിയവയാണു ഇക്കൂട്ടത്തില്‍ പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."