സഹകരണ പ്രസ്ഥാനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ കാണിച്ചതു നെറികേട്: മന്ത്രി കടകംപള്ളി
നീലേശ്വരം: 60 വര്‍ഷത്തെ പ്രവൃത്തിപാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ വലിയ നെറികേടാണു കാണിച്ചതെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ മേഖലാ സംരക്ഷണ കാംപയിന്റെ ഭാഗമായി നീലേശ്വരത്തു നടന്ന ജില്ലാതല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനം സംസ്ഥാനം ഒറ്റക്കെട്ടായി നേരിടും. കള്ളപ്പണം തടയാനുള്ള നീക്കത്തിനായി ജനങ്ങള്‍ ഒരുമിക്കുമെന്നും മന്ത്രി പറഞ്ഞു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പിടികൂടിയ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ നിന്നല്ല, മറിച്ച് ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ്. വ്യക്തിഹത്യയും ആക്ഷേപങ്ങളും നടത്തി കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. 1,27,000 കോടി ആസ്തിയുള്ള സഹകരണസ്ഥാപനങ്ങളുടെ ആസ്തി 1,50,000 കോടിയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണു സഹകരണ മേഖല.
ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സഹകരണ മേഖലയില്‍ അക്കൗണ്ട് തുടങ്ങാനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."