പൂഞ്ഞാറിലെ തോല്‍വി: സി.പി.എം അച്ചടക്ക നടപടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷം
ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ അച്ചടക്ക നടപടി പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പൂഞ്ഞാറിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിന്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ബേബി ജോണ്‍ കമ്മിഷന്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
പി.സി ജോര്‍ജിനെ സഹായിച്ചുവെന്ന് കമ്മിഷന്‍ കണ്ടെത്തിയവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി എടുക്കുന്നത്. എന്നാല്‍ നടപടിയെടുത്തപ്പോള്‍ ചിലരെ മാത്രം തിരഞ്ഞു പിടിച്ച് നടപടിയെടുത്തെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും പൂഞ്ഞാര്‍, തെക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട് .പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം ഒഴിവാക്കിയതിന് ശേഷമാണ് ബേബി ജോണ്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്ന് ഇവര്‍ വാദിക്കുന്നു.
എസ്.ഡി.പി.ഐ.യുടെ സഹകരണത്തോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഭരണം നടത്തുന്നതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതി സി.പി.എം ജില്ലാ നേതൃത്വം അവഗണിച്ചതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും ഓരോ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണച്ചുമതല നല്‍കിയിരുന്നത്. ഇതില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിമാര്‍ക്കും രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കുമെതിരേ നടപടിയുണ്ടാകുമ്പോള്‍ നിയോജക മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയംഗത്തെ ഒഴിവാക്കിയതും മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തെ സംസ്ഥാന ഭാരവാഹിയാക്കിയതും ചിലരെ തിരഞ്ഞു പിടിച്ചാണ് അച്ചടക്ക നടപടിയെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നു.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റികള്‍ക്കു പുറമേ പൂഞ്ഞാറിന്റെ കീഴിലുള്ള ആറ് ലോക്കല്‍ കമ്മിറ്റികളും പുനഃസംഘടിപ്പിക്കുമെന്നാണ് സൂചന. സി.പി.എം ജില്ലാകമ്മറ്റി അംഗമായ വി.എന്‍. ശശിധരനെ പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയിലേക്കും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി. പി ഇബ്രാഹിമിനെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയിലേക്കുമാണ് തരം താഴ്ത്തിയത്.
പൂഞ്ഞാര്‍ ഏരിയാകമ്മിറ്റി സെക്രട്ടറി കെ.ആര്‍ ശശിധരനെ തിടനാട് ലോക്കല്‍ കമ്മറ്റിയിലേക്കും കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി ടി. പ്രസാദിനെ മുണ്ടക്കയം ലോക്കല്‍ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.
നിയോജകമണ്ഡലത്തിലെ 161 ബൂത്തുകളില്‍ 98 എണ്ണവുമുള്ള കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയുണ്ടായത് ഏരിയ സെക്രട്ടറിക്ക് മാത്രമാണ്. ഇതേ സമയം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയില്‍ ഏരിയ സെക്രട്ടറിയുള്‍പ്പടെ ഏഴ് പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശയുള്ളത്.
പൂഞ്ഞാറില്‍ ജയിക്കുവാനായി പിണറായി വിജയന്‍ മൂന്ന് തവണ നേരിട്ടെത്തി പ്രചാരണം വിലയിരുത്തിയിട്ടും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. 22270മാത്രം വോട്ട് ലഭിച്ച പി.സി.ജോസഫിന് കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."